കൊച്ചി: ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റംകൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ കൂടുതൽ മേഖലകളിലേക്ക് സർവിസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിലാണ് ചടങ്ങുകൾ. നാല് ടെർമിനലുകൾകൂടി ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ട് പുതിയ റൂട്ടിലാണ് കൊച്ചി വാട്ടർ മെട്രോ സർവിസ് ആരംഭിക്കുക. ഹൈകോർട്ട് ജങ്ഷൻ ടെർമിനലിൽനിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽനിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയാണ് മറ്റൊരു റൂട്ട്. ഇതോടെ ഒമ്പത് ടെർമിനലുകളിലായി അഞ്ച് റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്.
സർവിസ് ആരംഭിച്ച് പത്തുമാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിൽ 17.5 ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. കൊച്ചി വാട്ടർ മെട്രോ ചരിത്ര നേട്ടാമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഫോർട്ട്കൊച്ചി ടെർമിനലിൽനിന്ന് അധികം വൈകാതെ സർവിസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ഹൈകോർട്ട് ജങ്ഷൻ-വൈപ്പിൻ-ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടാണ് സർവിസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.