തിരുവനന്തപുരം: കൊച്ചുവേളി വ്യവസായ മേഖലയിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായ വൻ തീ പിടുത്തത്തിന് കാരണം അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച. നിരവധി വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തം വൻദുരന്തത്തിലേക്ക് നീങ്ങാത്തത് ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിലൂടെ.
തീപിടുത്തമുണ്ടായ സ്ഥാപനം പ്രവർത്തിക്കുന്നത് അനധികൃതമാണെന്ന് കണ്ടെത്തി. രേഖകളിൽ പി.വി.സി നിർമ്മാണ യൂനിറ്റാണെങ്കിലും പ്ലാസ്റ്റിക് കുപ്പികൾ സംസ്കരിച്ച് പുനർനിർമ്മാണം നടത്തുന്ന പ്രവൃത്തിയായിരുന്നു അവിടെ നടന്നിരുന്നത്.
അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അഗ്നിസുരക്ഷാ മുൻ കരുതൽ സ്വീകരിക്കാൻ കെട്ടിട ഉടമ തയാറായില്ല. നാലായിരം ചതുരശ്ര അടിയോളം വരുന്ന മേഖലയിൽ സൂക്ഷിക്കാവുന്നതിൽ കൂടുതൽ പ്ലാസ്റ്റിക് കുപ്പികൾ സൂക്ഷിച്ചിരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ജനൽചില്ലുകൾ പൊട്ടിച്ചും മറ്റുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തൊട്ടടുത്തായി പ്രവർത്തിക്കുന്ന കുട്ടികളുടെ ഭക്ഷണ നിർമാണ യൂനിറ്റിലേക്കും കാർഡ്ബോഡ് നിർമിക്കുന്ന പേപ്പർ യൂനിറ്റിലേക്കും കവിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു പ്ലാസ്റ്റിക് ശേഖരം. തീപിടിച്ച കെട്ടിടത്തിന് സമീപം റബർ സംസ്കരണത്തിനായി ലാറ്റക്സും ഉണ്ടായിരുന്നു.
കൊച്ചുവേളിയിലെ വ്യവസായ മേഖലയിൽ കെട്ടിടങ്ങളുടെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങളിൽ ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്. അതിനാൽ ഇവിടെ കെട്ടിട നിർമാണങ്ങളിൽ മുനിസിപ്പൽ നിയമമോ നാഷനൽ ബിൽഡിങ് കോഡോ പാലിക്കാറില്ല. പല സ്ഥാപനങ്ങളും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്.
കൊച്ചുവേളി വ്യവസായ മേഖലയിലെ സുരക്ഷാ ഭീഷണി സംബന്ധിച്ച് കോർപറേഷൻ അധികൃതർക്ക് ഉൾപ്പെടെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഫെബ്രുവരിയിൽ ഇതുസംബന്ധിച്ച് ഉന്നതതല യോഗം നടന്നെങ്കിലും നടപടിയായില്ല.
ഇടക്കിടെ തീപിടുത്തം ഉണ്ടാകുന്ന പ്രദേശത്തെ കെട്ടിടങ്ങൾക്ക് കൂടുതൽ സുരക്ഷാ മനാദണ്ഡങ്ങൾ നിർബന്ധമാക്കണമെന്നാണ് ഫയർഫോഴ്സിന്റെ ആവശ്യം. സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയതോടൊപ്പം നഗരസഭക്ക് ഇതുസംബന്ധിച്ച റിപ്പോർട്ടും നൽകി. നഗരസഭയാണ് തുടർനടപടി സ്വീകരിക്കേണ്ടതെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.