zതൃശൂർ: ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ രാഷ്ട്രീയ ചർച്ചയിൽ നിറയുന്നത് കോടികളുടെ കിലുക്കം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ കൊടകരയിൽ മൂന്നര കോടിയോളം രൂപയുടെ കുഴൽപണം തട്ടിയെടുത്ത കേസ് മരവിച്ച് നിൽക്കുമ്പോൾ ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിലെ കോടികൾ പിന്നെയും വളരുകയാണ്. 2021ൽ കൊടകര കുഴൽപണ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽതന്നെ കോടികളുടെ കണക്ക് കേരള പൊലീസ് കേന്ദ്ര ഏജൻസികളെ രേഖാമൂലം അറിയിച്ചിരുന്നു.
വിവിധ ജില്ലകളിൽ ഭാരവാഹികൾക്കും മറ്റുമായി ആകെ 41.4 കോടി രൂപയാണ് വന്നതെന്ന് പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. ഇതിലെ വിശദാംശങ്ങൾ 2022 ജൂണിൽ ഇ.ഡി, ആദായനികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമീഷൻ, കേന്ദ്ര ആഭ്യന്തര വകുപ്പ് എന്നിവക്ക് റിപ്പോർട്ട് ചെയ്തിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പും നൽകി. പിന്നീട് ഓർമപ്പെടുത്തൽ കത്തും അയച്ചു. ഇതിലൊന്നും അനക്കമില്ലാതിരിക്കുമ്പോഴാണ് വീണ്ടും കോടികളുടെ വിവരങ്ങൾ പുറത്തുവരുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് 12 കോടി രൂപ കേരളത്തിലേക്ക് വന്നുവെന്നാണ് മറ്റൊരു വിവരം. ഇതും പല ജില്ലകളിലായി വിതരണം ചെയ്തു. കോന്നി തെരഞ്ഞെടുപ്പ് സമയത്തും കോടികൾ വന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനും ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനും വന്ന കോടികളുടെ കണക്കാണ് ഇനി ‘വെളിപ്പെടാ’നുള്ളത്.
കുഴൽപണ കടത്തിന്റെ വിവരങ്ങൾക്കൊപ്പം ധർമരാജൻ എന്നയാളുടെ പേരുമുണ്ട്. തൃശൂരിലെ ബി.ജെ.പി ഓഫിസിൽ എത്തിച്ചതിൽനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ തട്ടിയെടുക്കാൻ ശ്രമിച്ച കുഴൽപണവുമായി വന്നത് ധർമരാജനാണ്. കൊടകരയിൽ നഷ്ടപ്പെട്ട പണം ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ആദ്യം തുറന്നുപറഞ്ഞതും പിന്നീട് മാറ്റിപ്പറഞ്ഞതും ധർമരാജനാണ്.
കോന്നിയിലും തദ്ദേശ തെരഞ്ഞെടുപ്പിലും വന്ന പണത്തിന്റെ കണക്കിനൊപ്പവും ധർമരാജന്റെ പേരുതന്നെ. 2021ൽ പാലക്കാട്ടേക്ക് കൊണ്ടുപോയ പണം തമിഴ്നാട്ടിലെ സേലത്ത് കൊടകര മാതൃകയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുക്കുമ്പോൾ ആ പണത്തിനൊപ്പം ഉണ്ടായിരുന്നത് ധർമരാജന്റെ സഹോദരൻ ധനരാജനായിരുന്നു! കൊടകരയിൽ കുഴൽപണം തട്ടിയെടുക്കപ്പെട്ടപ്പോൾ ധർമരാജൻ വിളിച്ചവരിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകനും സെക്രട്ടറിയും ഡ്രൈവറും ഉണ്ടെന്ന് കുറ്റപത്രത്തിൽ പൊലീസ് പറഞ്ഞിരുന്നു.
‘ഹവാല ഏജന്റ്’ എന്നാണ് കുറ്റപത്രത്തിൽ ധർമരാജനെ പറയുന്നത്. ഒരിക്കൽ താൻ കൊണ്ടുവന്ന പണത്തിൽനിന്ന് ഒരു കോടി രൂപ സുരേന്ദ്രൻ എടുത്തതായും സുരേന്ദ്രനൊപ്പം അമിത് ഷായെ ചെന്ന് കണ്ടിട്ടുണ്ടെന്നും ധർമരാജൻ പറഞ്ഞതായും കേസിൽ വഴിത്തിരിവിന് ഇടയാക്കിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.