തിരുവനന്തപുരം: കേരള നിയമസഭയിലെ തീപ്പൊരിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. നിലപാടുകളിൽ തെളിവ്. അവതരണത്തിൽ മികവ്. എതിരാളികളെ കറക്കിവീഴ്ത്തുന്ന കുശാഗ്രബുദ്ധി. പ്രതിപക്ഷത്തിരുന്നപ്പോൾ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്‍റെ ശക്തിയും മികവും സഭാ ചരിത്രത്തിൽ എന്നും പ്രശോഭിതമായി നിൽക്കും. സഭയെയാകെ പിടിച്ചിരുത്തും വിധം അവതരണ പാടവം. അളന്നുതൂക്കി, എതിർചേരിയെ കീറിമുറിച്ചാകും ആക്രമണം. മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും എല്ലാവർക്കും പ്രിയപ്പെട്ടവൻ. നവാഗതനെന്നോ പരിയസമ്പന്നനെന്നോ വ്യത്യാസമേതുമുണ്ടായിരുന്നില്ല.
അഞ്ച് തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ഉരുക്കുകോട്ടയായ തലശ്ശേരിയിൽ നിന്നാണ് അദ്ദേഹം സഭയിലെത്തിയത്. 1982, '87, 2001, 2006, 2011 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയം. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവ്. 2006ലെ വി.എസ്. മന്ത്രിസഭയിൽ ആഭ്യന്തര, ടൂറിസം മന്ത്രി. പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ ശ്രദ്ധേയമായിരുന്നു പ്രവർത്തനം. ബാർകോഴ, സോളാർ, സ്വാശ്രയം, പൊലീസ് അതിക്രമം തുടങ്ങി ഇടതുപക്ഷം അന്നത്തെ ഭരണപക്ഷത്തിനെതിരെ നടത്തിയ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് കോടിയേരി. സഭയിൽ അതിശക്തമായി സർക്കാരിനെതിരെ നീങ്ങി.
ഉമ്മൻചാണ്ടി സർക്കാരിനെതിരെ ഉയർന്ന ബാർകോഴയും സോളാർ വിവാദവും സഭയിൽ പ്രകമ്പനം തീർത്തു. കോടിയേരിയായിരുന്നു മിക്ക അടിയന്തര പ്രമേയങ്ങളും അവതരിപ്പിച്ചത്. തമാശ ഇടകലർത്തി, ഗൗരവം ചോരാതെ സർക്കാരിനെ കീറിമുറിക്കുന്ന വിമർശനങ്ങൾ. ബാർകോഴ കാലത്ത് സഭയിലും പുറത്തും പ്രക്ഷോഭം. കെ.എം. മാണി സഭയിൽ ബജറ്റ് അതരിപ്പിക്കുന്നതിനെതിരെ നടന്നത് സഭ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷോഭം. പിന്നീട് അത് അക്രമത്തിൽ കലാശിച്ച് സഭക്കും കേരളത്തിനുമാകെ നാണക്കേട് ഉണ്ടാക്കുന്നതിലേക്ക് മാറിയെന്നത് വേറെ കാര്യം.
മാണിക്കും ഉമ്മൻചാണ്ടിക്കുമെതിരെ വിമർശനത്തിന്‍റെ കൂരമ്പുകളാണ് കോടിയേരി തീർത്തത്. നിയമസഭയിലെ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളൊക്കെ കനപ്പെട്ടതും ശക്തവുമായിരുന്നു. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ശ്രദ്ധേയമായ പല നടപടികളും കൈക്കൊണ്ട അദ്ദേഹം നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങി. ജനമൈത്രി പൊലീസ്, പൊലീസ്- ജയിൽ പരിഷ്കരണം, സ്റ്റുഡൻസ് പൊലീസ് തുടങ്ങി കാലാതിവർത്തിയായ നേട്ടങ്ങൾ അദ്ദേഹത്തിന്‍റെ ഭരണകാലം സമ്മാനിച്ചു. മുത്തൂറ്റ് കൊലപാതകം, എസ്. കത്തി, ബീമാപള്ളി വെടിവെപ്പ്, പൊലീസ് കസ്റ്റഡിയിലെ തുടർച്ചയായ കൊലപാതകങ്ങൾ തുടങ്ങി വിമർശനങ്ങൾ വരുത്തിവെച്ചവയുമുണ്ട്.
സഭയിലും പുറത്തും ഏറെ പ്രക്ഷോഭങ്ങൾക്കും കോടിയേരി നേതൃത്വം നൽകി. നിരവധി തവണ എം.എൽ.എമാർ സഭക്കകത്ത് സമരം നടത്തിയിരുന്നു. സഭാ കവാടത്തിൽ എം.എൽ.എമാരുടെ നിരാഹാരത്തിന് നേതൃത്വം നൽകി. രാഷ്ട്രീയമായ നിലപാടുകൾക്കപ്പുറം പാർട്ടിക്കും മുന്നണിക്കും അതീതമായ സൗഹൃദം കോടിയേരി നിലനിർത്തിയിരുന്നു. നിയമസഭയിലും പുറത്തും അത് ദൃശ്യവുമായിരുന്നു. സഭയിൽ തന്നെ കോടിയേരി പ്രതിപക്ഷ നിരയുമായി നിരന്തരം ആശയവിനിമയം നടത്തി. പലരുമായും ആത്മബന്ധവും അദ്ദേഹം പുലർത്തിയിരുന്നു. എതിർപക്ഷത്തുള്ളവരുമായി ഇത്രയും വ്യക്തിബന്ധം നിലനിർത്തിയവർ തന്നെ സി.പി.എമ്മിൽ കുറവെന്ന് പറയാം.
സമരമുഖങ്ങളിലെ തീക്ഷ്ണ സാന്നിധ്യമായിരുന്നു കോടിയേരി. വിദ്യാർഥി-യുവജന സമരങ്ങൾക്ക് നേരേ പൊലീസ് നടപടി ഉണ്ടാകുമ്പോൾ കോടിയേരി ഓടിയെത്തിയിരുന്നു. പൊലീസിന്‍റെ ലാത്തിചാർജിനെ അദ്ദേഹം പലപ്പോഴും തടഞ്ഞു. യൂനിവേഴ്സിറ്റി കോളജിൽ കയറി പൊലീസ് വിദ്യാർഥികളെ കൈകാര്യം ചെയ്തപ്പോൾ കോടിയേരി ഓടിയെത്തുകയും വിദ്യാർഥികൾക്ക് സംരക്ഷണം ഒരുക്കുകയും ചെയ്തു. പൊലീസിനെ കോളജിൽനിന്ന് തന്നെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പുറത്താക്കി. സർക്കാരുകൾക്കെതിരെ സമരമുഖങ്ങളിൽ നേതൃത്വത്തിൽ കോടിയേരിയുണ്ടായിരുന്നു.
നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ആഭ്യന്തരവകുപ്പ് സബ്ജക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായും വൈദ്യുതി ബോര്‍ഡ് അനൗദ്യോഗിക അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഭ ചരിത്രത്തിൽ എന്നും സ്മരിക്കുന്ന പ്രവർത്തന മികവ് അവശേഷിപ്പിച്ചാണ് അദ്ദേഹത്തിന്‍റെ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.