തിരുവനന്തപുരം: മാധ്യമപ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിന് തൃപ്തികരമായ ഉത്തരം നൽകാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമാധാന ചർച്ച കഴിഞ്ഞ് പുറത്തുവന്ന മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല. തുടർന്ന് ഇറങ്ങിവന്ന കോടിയേരിയോട് മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചു. ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്താൽ പരിഹാരമുണ്ടാവില്ല എന്ന് പറഞ്ഞ കോടിയേരി അനുവാദമില്ലാതെ നിങ്ങൾ ഹാളിൽ കയറുകയായിരുന്നു എന്ന് പിന്നീട് പറഞ്ഞു.
എല്ലാ കാര്യങ്ങളും നിങ്ങൾ മുഖ്യമന്ത്രിയോട് സംസാരിക്കൂ എന്നും കോടിയേരി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ നടപടി ശരിയായോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകാതെ നടന്നുനീങ്ങുകയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സമാധാന ചർച്ച. കണ്ണൂരിലും തിരുവനന്തപുരത്തും കോട്ടയത്തും നടന്ന സംഭവങ്ങൾ ദൗർഭാഗ്യകരമായിപ്പോയി എന്ന് കോടിയേരി പറഞ്ഞു. തിരുവനന്തപുരത്തും കോട്ടയത്തും ആഗസ്റ്റ് ഒന്നിനും കണ്ണൂരിൽ ആഗസ്റ്റ് അഞ്ചിനും സമാധാനയോഗം നടക്കുമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.