കോടിയേരി- ദി കിങ്മേക്കർ; കംപ്ലീറ്റ് കമ്യൂണിസ്റ്റ്

കോടിയേരി ബാലകൃഷ്ണൻ ഇല്ലാത്ത സംഘടന സംവിധാനത്തെ കുറിച്ച് സി.പി.എം ചിന്തിച്ച് തുടങ്ങിയിട്ട് കുറച്ച്കാലമായി. സി.പി.എം പോലൊരു പാർട്ടിക്ക് അത് വെല്ലുവിളിയല്ല. രണ്ട് ദശാബ്ദത്തോളം നീണ്ട വിഭാഗീയത തുടച്ച് നീക്കാൻ പിണറായി വിജയനൊപ്പം നേതൃപരമായ പങ്ക് വഹിച്ചയാളാണ് കോടിയേരി. സംഘടനാ- പാർലമെൻറി രംഗം കാരിരുമ്പിന്‍റെ ബലത്തോടെ അടക്കിവാണ വി.എസ്. അച്യുതാനന്ദനോ പിണറായി വിജയനോ അല്ലായിരുന്നു കോടിയേരി. വിഭാഗീയതയിൽ ഒരു ഭാഗത്ത് നിന്നപ്പോഴും രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും മധ്യവർത്തി പാത സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ ആക്രമണങ്ങൾക്ക് ചിരിച്ച് കൊണ്ട് മറുപടി പറയുന്നതും സൗമ്യമായ ഇടപെടലുമായിരുന്നു കോടിയേരി ട്രേഡ് മാർക്ക്. 1969 ൽ പാർട്ടി അംഗത്വം ലഭിക്കുമ്പോൾ പ്രായം 19, 20 ാം വയസ്സിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അടിയന്തരാവസ്ഥ കാലത്ത് മിസ പ്രകാരം ഒന്നര വർഷം തടവ്.

കോളജ് വിദ്യാർഥിയായിരിക്കെ ബ്രാഞ്ച് സെക്രട്ടറിയായും ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 36 ാം വയസ്സിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയോഗം (ഈ റെക്കാർഡ് കോടിയേരിയുടെ പേരിൽ തന്നെ) 54 ാം വയസ്സിൽ പോളിറ്റ്ബ്യൂറോയിലേക്ക് (പാർട്ടിയിൽ മൂപ്പ് എം.എ. ബേബിക്കായിരുന്നു), 62ാം വയസ്സിൽ സംസ്ഥാന സെക്രട്ടറി. സ്ഥാനങ്ങളൊന്നും വൈകിയില്ല. 1988ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സമിതിയംഗമായ കോടിയേരി അതേ മണ്ണിൽ നടന്ന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായത്. അച്ചടക്കത്തിന്‍റെ അതിര് ഭേദിച്ച് വി.എസ് ബഹിഷ്കരിച്ച 2015 ഫെബ്രുവരിയിലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലായിരുന്നു പിണറായി വിജയനിൽ നിന്ന് കോടിയേരിയുടെ സെക്രട്ടറി പദവി ഏറ്റെടുക്കൽ. പാർട്ടിക്ക് പുറത്ത് പോകേണ്ട നേതാവല്ല വി.എസ് എന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് പാലിക്കാൻ പിണറായിക്കും വി.എസിനും മധ്യേ കോടിയേരി പണിപ്പെട്ടു.

മലപ്പുറം സമ്മേളനത്തിൽ വി.എസിനെ നേരിടുന്നതിൽ പിണറായിക്ക് പിന്നിൽ മുഖ്യപങ്ക് വഹിച്ചത് കോടിയേരിയായിരുന്നു. പിൽക്കാലത്ത് പിണറായിയെയും വി.എസിനെയും കൈപൊള്ളാതെ കൈകാര്യം ചെയ്ത് വിജയിച്ച അപൂർവ്വം നേതാക്കളിൽ ഒരാളായി മാറി. പാർട്ടിയിൽനിന്ന് പുറത്ത് പോയ എം.വി. രാഘവനെ നിയമസഭയിൽ 'കൈകാര്യം' ചെയ്യാനും അകത്ത് കലഹിച്ച വി.എസിനെ അനുനയിപ്പിക്കാൻ ശ്രമിക്കാനും കോടിയേരിക്ക് കഴിഞ്ഞു.

സി.പി.എം മന്ത്രിമാരും മുഖ്യമന്ത്രി വി.എസും തമ്മിലെ ഭിന്നതകൾ മൂർച്ഛിച്ച് ഒടുവിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന ഘട്ടത്തിൽ എത്തിയപ്പോഴും കോടിയേരി വി.എസിനോട് സംസാരിക്കാൻ കഴിയുന്ന അകലം എന്നും സൂക്ഷിച്ചു. തർക്കങ്ങളിൽ മധ്യസ്ഥന്‍റെ റോളിൽ അദ്ദേഹം തിളങ്ങി. വെളിയം ഭാർഗവൻ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനുമായി ഉടക്കി എ.കെ.ജി സെന്‍റർ വിട്ട് ഇറങ്ങിപോയ സംഭവമുണ്ടായി. അന്ന് ബന്ധം വഷളാകുന്നതിൽ നിന്ന് തടയുന്നതിൽ കൊടിയേരിയുടെ പങ്കുണ്ടായിരുന്നു.

വി.എസിന്‍റെ പിൻവാങ്ങലിന് ശേഷം ഔദ്യോഗിക പക്ഷത്ത് തന്നെ ഉയർന്ന വിഭാഗീയതകളെയും പ്രാദേശിക സംഘടനാ പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ കോടിയേരിയുടെ പങ്ക് നിസ്തുലമായിരുന്നു. മുന്നണി വിട്ടുപോയവരിൽ ആർ.എസ്.പി ഒഴികെ സോഷ്യലിസ്റ്റ് കക്ഷികളെ ഒപ്പം കൂട്ടാനായതും കേരള കോൺഗ്രസ് (എം) എന്ന വലത്പക്ഷ പാർട്ടിയെ ചുവപ്പണിയിച്ച് എത്തിക്കാനായതും കോടിയേരിയുടെ കാലത്തായിരുന്നു.

2016 ൽ പിണറായി സർക്കാർ രൂപവത്കരിച്ചശേഷം അദ്ദേഹം മനസ്സിൽ കണ്ടതെല്ലാം നടത്തിയ സെക്രട്ടറി കൂടിയായിരുന്നു കോടിയേരി. ഈ മനഃപൊരുത്തം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഴികെ പ്രതിഫലിച്ചു. എൽ.ഡി.എഫ് സർക്കാറിന് തുടർഭരണം നേടികൊടുക്കുന്നതിൽ പിണറായിക്കൊപ്പം തുല്യ പങ്കാളിത്തം സെക്രട്ടറി എന്ന നിലയിൽ കോടിയേരിക്കും ഉണ്ടായിരുന്നു. മന്ത്രിസഭയിൽ പുതുമുഖം പരീക്ഷിക്കാനുള്ള ആശയം വിജയത്തിലെത്തിക്കുന്നതിൽ കോടിയേരിയുടെ നേതൃപരമായ പങ്ക് വലുതാണ്. തുടർഭരണത്തിൽ മന്ത്രിമാരുടെ പ്രവർത്തനം മോശമായ ആരോഗ്യത്തിനിടയിലും സംസ്ഥാന സമിതി വിളിച്ച് പരിശോധിച്ചാണ് അദ്ദേഹം മറയുന്നത്.

Tags:    
News Summary - Kodiyeri - The Kingmaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.