ആത്മഹത്യയുടെ തലസ്ഥാനമായി കൊല്ലം; 2021ൽ ജീവനൊടുക്കിയത് രാജ്യശരാശരിയുടെ മൂന്നിരട്ടിയിലധികം

2021ല്‍ ഇന്ത്യൻ നഗരങ്ങളിൽ ജീവനൊടുക്കിയവരുടെ കണക്കിൽ ഏറ്റവും മുകളിൽ കൊല്ലം നഗരം. രാജ്യശരാശരിയുടെ മൂന്നിരട്ടിയിലധികം ആളുകൾ കൊല്ലത്ത് ജീവനൊടുക്കിയെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ലക്ഷത്തില്‍ 12 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. എന്നാല്‍ കൊല്ലം നഗരത്തില്‍ ഇത് 43 പേരാണ്.

ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ എത്ര പേർ ആത്മഹത്യ ചെയ്യുന്നു എന്ന് കണക്കാക്കിയാണ് ആത്മഹത്യാ നിരക്ക് കണ്ടെത്തുന്നത്. 11.1 ലക്ഷം പേർ താമസിക്കുന്ന കൊല്ലം നഗരത്തില്‍ കഴിഞ്ഞ വർഷം 487 പേർ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇത്പ്രകാരം 2021 ൽ 43.9 ആണ് കൊല്ലം നഗരത്തിലെ ആത്മഹത്യാ നിരക്ക്.

പശ്ചിമ ബംഗാളിലെ അസന്‍സോൾ നഗരമാണ് തൊട്ടുപിന്നില്‍. 38.5 ആണ് അസന്‍സോളിലെ ആത്മഹത്യാ നിരക്ക്. കൂട്ട ആത്മഹത്യകളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. ഈ കണക്കില്‍ കേരളം നാലാം സ്ഥാനത്താണ്. കേരളത്തില്‍ 12 കൂട്ട ആത്മഹത്യകളിലായി 26 പേർക്ക് 2021 ല്‍ ജീവൻ നഷ്ടപ്പെട്ടു.

33 കൂട്ട ആത്മഹത്യകൾ സംഭവിച്ച തമിഴ്നാടാണ് ഈയിനത്തിൽ ഏറ്റവും മുന്നിൽ. 2021 ല്‍ രാജ്യത്താകെ 1,64,033 പേരാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ ഇത് 1,53,052 ആയിരുന്നു.

9549 പേരാണ് 2021ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്. 22,207 പേർ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും മുമ്പില്‍.

Tags:    
News Summary - Kollam became the capital of suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.