കൊല്ലം: ഏതാനും മണിക്കൂറുകൾകൊണ്ട് കേരളത്തിന്റെ പൊന്നോമനയായി മാറിയ കുഞ്ഞിന്റെ സുഖവിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. തട്ടിക്കൊണ്ടുപോയവരിൽനിന്ന് രക്ഷപ്പെട്ട് കുടുംബത്തിന്റെ സ്നേഹലാളനയിൽ സുരക്ഷിതയായ ഓയൂരിലെ ആറു വയസ്സുകാരി കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പൂർണ സന്തോഷവതിയാണ്.
കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനാണ് വീട്ടിലേക്ക് ഉടൻ മടങ്ങാതെ ആശുപത്രിയിൽ തുടരുന്നത്. വീട്ടിലേക്ക് ഉടൻ തിരിച്ചെത്തിച്ചാൽ, സന്ദർശകരുടെ ബഹളത്തിനിടയിൽ കുഞ്ഞിന്റെ മനോസമ്മർദം ഏറുമോ എന്ന ആശങ്കയും ഡിസ്ചാർജ് നീട്ടാൻ കാരണമാണ്. ബഹളങ്ങളിൽനിന്ന് അകന്ന് വിക്ടോറിയ ആശുപത്രിയിലെ ജീവനക്കാരുടെ മുറിയിൽ ഒരുക്കിയ പ്രത്യേക സൗകര്യത്തിൽ കുടുംബത്തിനൊപ്പമാണ് ‘കുഞ്ഞോമന’ കഴിയുന്നത്.
ഇരുപതോളം പൊലീസുകാരുടെ സംഘത്തെ കുട്ടിയുടെ സുരക്ഷക്ക് നിയോഗിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളല്ലാത്ത ആരെയും മുറിയിലേക്ക് കടത്തിവിടുന്നില്ല. മഫ്തിയിലും പൊലീസ് ആശുപത്രി പരിസരത്തുണ്ട്. കുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ ഇനിമുതൽ പ്രസിദ്ധീകരിക്കരുതെന്ന ഉത്തരവ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇറക്കിയിട്ടുണ്ട്.
ഡി.എം.ഒയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡാണ് കുഞ്ഞിന്റെ ആരോഗ്യ കാര്യങ്ങൾ നിരീക്ഷിക്കുന്നത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്റെ കൗൺസിലർമാരുടെ സേവനം കുട്ടിക്കും സഹോദരനും ലഭ്യമാക്കുന്നുണ്ട്.
കുഞ്ഞ് സുരക്ഷിതയും പൂർണ ആരോഗ്യവതിയുമാണെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു. സ്ഥലത്ത് എത്താനാകാത്തവർ എല്ലാവരും വിഡിയോ കാളിലൂടെ കുഞ്ഞിനോട് സംസാരിക്കുന്നുണ്ട്. വ്യാഴാഴ്ച ഡോക്ടർമാരുടെ സംഘം വീണ്ടും പരിശോധിച്ച് വീട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
കൊല്ലം: തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്ന് തിരികെ കിട്ടിയ ബാലികയുടെ പേരും മറ്റ് വിവരങ്ങളും ചിത്രങ്ങളും തുടർന്ന് പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റി. വിവരങ്ങളും ചിത്രങ്ങളും തുടർവാർത്തകൾക്കും പ്രദർശനത്തിനും ഉപയോഗിക്കുന്നതിലൂടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും നഷ്ടപ്പെടുന്നത് പരിഗണിച്ചാണ് ഉത്തരവ്.
മലപ്പുറം: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ജനങ്ങളെ ജാഗ്രത്താക്കാൻ മാധ്യമങ്ങള്‍ പൊതുവില്‍ നല്ല പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം, വല്ലാതെ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുത് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.