മോചനദ്രവ്യം ആവശ്യ​പ്പെട്ട് ഫോൺ വിളിച്ചത് സ്ത്രീ; തട്ടിക്കൊണ്ടുപോയ കുട്ടിക്കായി സംസ്ഥാന വ്യാപക പരിശോധന

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുതമൺപള്ളിയിൽ തട്ടിക്കൊണ്ടു പോയ ആറുവയസ്സുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യ​പ്പെട്ട് ഫോൺ വിളിച്ചത് സ്ത്രീ. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് കോൾ വന്നത്. അഞ്ചുലക്ഷം രൂപയാണ് സ്ത്രീ ആവശ്യപ്പെട്ടത്.

ഇന്ന് വൈകീട്ട് നാലുമണിക്കാണ് ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജി(6)യെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിയെത്തി. ‘കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു’ എന്നായിരുന്നു ഫോണില്‍ വിളിച്ച ആൾ പറഞ്ഞത്. കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരുന്നതിനിടെയായിരുന്നു അഭികേൽ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി.

മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ സഹോദരൻ ജോനാഥ് പറഞ്ഞു. കാർ തങ്ങളുടെ അരികിലേക്ക് നിർത്തുകയും അമ്മയ്ക്ക് നൽകാൻ ഒരു ​പേപ്പർ ഉണ്ടെന്ന് പറഞ്ഞ് നീട്ടുകയും ചെയ്തതായി കുട്ടി പറയുന്നു. തുടർന്നാണ് വലിച്ചിഴച്ച് കാറിൽ കയറ്റിയത്.

സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ് പൊലീസ്. സംസ്ഥാന വ്യാപകമായി സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് സംഘം എത്തിയത്. ഈ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.  

Tags:    
News Summary - kollam child kidnap: ransom call demanding five lakh to release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.