ഫോണിൽ സഹായം ചോദിച്ച് വിളിച്ച വിദ്യാർഥിയോട് കയർത്തും പരുഷമായും സംസാരിച്ച കൊല്ലം എം.എൽ.എ എം.മുകേഷിനെതിരേ സമൂഹമാധ്യമങ്ങളിൽ രോഷം പുകയുന്നു. ഒരു കുട്ടിയോട് ഇങ്ങിനെ സംസാരിക്കുന്ന ഒരാൾ എങ്ങിനെയാണ് ജനസേവകനാകുന്നതെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. കൂടുതൽപേരും വിമർശിക്കുന്നുണ്ടെങ്കിലും എം.എൽ.എയെ പിന്തുണച്ചും ചിലരെല്ലാം രംഗത്തുവന്നിട്ടുണ്ട്. ഇത് മനപ്പൂർവ്വം കെട്ടിച്ചമച്ച നാടകമാണെന്നാണ് അക്കൂട്ടർ പറയുന്നത്. പാലക്കാടുള്ള ഒരു കുട്ടി കൊല്ലം എം.എൽ.എയെ വിളിച്ചതിൽ ദൂരൂഹത കാണുന്നവരും കുറവല്ല. മുകേഷിെൻറ പഴയൊരു ഡയലോഗ് എടുത്തുപറഞ്ഞാണ് വിമർശനങ്ങളിൽ അധികവും ഉയർന്നിരിക്കുന്നത്. രാത്രിയിൽ തന്നെ വിളിച്ച ആരാധകനോട് 'അന്തസ്സ് വേണമെടാ അന്തസ്സ്' എന്ന് മുകേഷ് പ്രതികരിച്ചിരുന്നു. അത് വ്യാപകമായി വിമർശനത്തിനും ഉപയോഗിക്കുന്നുണ്ട്.
'ഇങ്ങനെയും ബഡായി ബംഗ്ലാവ്', 'അനുഭവിച്ചോ എല്ലാം','കുഞ്ഞുങ്ങളോടു സിനിമാ dialogue, കഷ്ടം'-തുടങ്ങി കമൻറുകൾ ലഭിക്കുന്നുണ്ട്. തനിക്ക് ആ കുട്ടിയുടെ വിവരംപോലും ഇല്ലല്ലോ. ഒന്നുമല്ലെങ്കിൽ വിളിച്ചത് ഒരു കുട്ടിയല്ലേ. ആ കുട്ടിക്ക് പറയാനുള്ളത് എന്താണെന്നെങ്കിലും കേൾക്കാമായിരുന്നു. തനിക്ക് ഒന്നും പറ്റിയ പണിയല്ല.എം.എൽ.എ. തനിക്ക് പറ്റിയത് ബഡായി ബംഗ്ലാവ് ആണ്'-ഒരാൾ കുറിച്ചു.
കുട്ടിയും മുകേഷും തമ്മിലുള്ള സംഭാഷണത്തിെൻറ ഫോൺ കോൾ റെക്കോർഡ് സമൂഹമാധ്യമങ്ങളിൽ വയാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 10ാം ക്ലാസുകാരനാണ് എം.എൽ.എയെ വിളിച്ചത്. കൂട്ടുകാരൻ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി. ഫോൺ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്നരീതിയിലായിരുന്നു എം.എൽ.എയുടെ സംസാരം. 'ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത്, ഒറ്റപ്പാലം എം.എൽ.എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത്'എന്നുതുടങ്ങി പിന്നീടങ്ങോട്ട് ശകാരവർഷമായി. ഞാനൊരു സ്റ്റുഡൻറ് ആണെന്നും 10ാം ക്ലാസിലാണ് പഠിക്കുന്നതെന്നും വിദ്യാർഥി പറഞ്ഞു. ആരായാലും തന്നെ വിളിക്കേണ്ടെന്നായിരുന്നു എം.എൽ.എയുടെ മറുപടി.
കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ അവെൻറ ചെവിക്കുറ്റി നോക്കി അടിക്കണം എന്നായി പ്രതികരണം. സ്വന്തം എം.എൽ.എയുടെ നമ്പർ തരാതെ വേറേരാജ്യത്തുള്ള എം.എൽ.എയുടെ നമ്പർ തന്ന കൂട്ടുകാരനാരാണെന്നും മുകേഷ് ചോദിച്ചു. താൻ വലിയ ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണെന്നും തന്നെ ആളുകൾ പരിഹസിക്കുന്നുവെന്നുമായി പിന്നീടുള്ള പ്രതികരണം. ഇതോടെ കുട്ടി സോറി പറഞ്ഞു. സോറി ഒന്നും പറയേണ്ടെന്നും ഇത് നല്ല അസ്സൽ വെളച്ചിലാണെന്നുമായി എം.എൽ.എ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.