വിതുര: മുട്ടുവേദനയും ശബ്ദമില്ലായ്മയും അടക്കമുള്ള രോഗങ്ങൾക്ക് മൂത്രചികിത്സയിലൂടെ പരിഹാരം കണ്ടെത്തിയതായി നടൻ കൊല്ലം തുളസി. എട്ടുമാസമായി മൂത്രം കുടിക്കൽ ശീലമാക്കിയതോടെ അത്ഭുതകരമായ മാറ്റം ഉണ്ടായതായും ദിവസവും 200 മില്ലി ലിറ്ററോളം മൂത്രം കുടിക്കാറുണ്ടെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ഇത് ശുദ്ധ അസംബന്ധമാണെന്നും മലവും മൂത്രവും ശരീരം പുറന്തള്ളുന്ന മാലിന്യങ്ങളാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
വാട്ടർ ഓഫ് ലൈഫ് കേരള വിതുരയിൽ സംഘടിപ്പിച്ച ദേശീയ മൂത്ര ചികിത്സാ സമ്മേളനത്തോടനുബന്ധിച്ച്, ചാനലിൽ നടത്തിയ ചർച്ചയിലാണ് യൂറിന്‍ തെറാപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദമുഖങ്ങൾ ഉയർന്നത്.
'എനിക്ക് ഒരുപാട് രോഗങ്ങളുണ്ട്. കാൻസറുണ്ട്. അതുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. എഴുന്നേറ്റ് നടക്കാന്‍ വയ്യ. മുട്ടുവേദനയുണ്ട്. ഇല്ലാത്ത അസുഖങ്ങളില്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ഇപ്പോൾ സിസ്റ്റമാറ്റിക്കായി എട്ടുമാസമായി മൂത്രം കുടിക്കൽ ശീലമാക്കിയതോടെ അത്ഭുതകരമായ മാറ്റം ഉണ്ടായി. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പി പുസ്തകങ്ങള്‍ വായിച്ചും പഠിച്ചും ഉൾക്കൊണ്ട് സ്വയമാണ് യൂറിൻ തെറാപ്പി തുടങ്ങിയത്. രാവിലെ മൂന്ന് മണിക്കോ നാല് മണിക്കോ എഴുന്നേറ്റാൽ ആദ്യത്തെ മൂത്രം 200 മില്ലിയോളം ചെറിയ സ്റ്റീൽ പാത്രത്തിലാക്കി അപ്പാടെ കുടിക്കും. മൂത്രം രണ്ട് മാസത്തോളം ശേഖരിച്ച് വെച്ച് ബക്കറ്റിൽ ഒഴിച്ച് എന്റെ കാലുകള്‍ അതില്‍ ഇറക്കിവെച്ചതോടെ എന്റെ മുട്ടുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. എന്റെ ശബ്ദം പോയപ്പോള്‍ 75,000ത്തോളം രൂപ ചെലവാക്കി ഒരുപാട് തവണ സ്‌കാന്‍ ചെയ്തു. കാൻസറാണോ എന്ന് വരെ സംശയിച്ചു. എന്നാൽ, രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മെഡിക്കൽ സയൻസ് പരാജയപ്പെട്ടു. എന്നാൽ, ഏഴോ എട്ടോ തവണ ഞാൻ മൂത്രം ഉപയോഗിച്ച് വായ് കുലുക്കുഴിഞ്ഞതോടെ ശബ്ദം തിരിച്ചുകിട്ടി- കൊല്ലം തുളസി പറഞ്ഞു.
ശരീരത്തിന് ആവശ്യമില്ലാത്ത വിശാംഷങ്ങളടങ്ങിയതാണ് മലവും മൂത്രവുമെന്നും മൂത്ര ചികിത്സ അശാസ്ത്രീയമാണെന്നും ചർച്ചയിൽ പങ്കെടുത്ത ഐ.എം.എ പ്രതിനിധി ഡോ. ആര്‍. ശ്രീജിത്ത് വ്യക്തമാക്കി. ക്ലിനിക്കൽ ട്രയലോ ശാസ്ത്രീയ പരിശോധനയോ നടത്തി തെളിയിക്കാൻ കഴിയാത്ത കാര്യമാണിത്. വെറും പൗരാണികത മാത്രം പറഞ്ഞാൽ ശാസ്ത്രീയമാവില്ല. പൗരാണികമായ പലതും അശാസ്ത്രീയമെന്ന് തെളിഞ്ഞതിനാൽ നമ്മൾ ഒഴിവാക്കിയതാണ്. ഏത് വിശ്വാസത്തിന്റെ കാര്യത്തിലും അന്ധവിശ്വാസത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. പൗരാണികം പൗരാണികം എന്നു പറഞ്ഞിട്ട് കാര്യമില്ല.
ക്രിയാറ്റിനും അമോണിയയും ഉള്‍പ്പെടെയുള്ളവ മൂത്രത്തിലൂടെ ശരീരംപുറം തള്ളുന്നു. അതിന് രോഗംമാറ്റാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മൂത്ര ചികിത്സയ്ക്ക് അടിസ്ഥാനമില്ല -ഡോ. ശ്രീജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.