പയ്യന്നൂർ: ഗ്രിഗോറിയൻ കലണ്ടറിലെ ഓരോ പുതുവർഷപ്പിറവിയും കേരളീയ ഗ്രാമങ്ങളിൽ പോലും ആഘോഷരാവുകൾ തീർക്കുമ്പോൾ ആരവങ്ങൾക്കും ആഘോഷങ്ങൾക്കും അവധി നൽകി മലയാളത്തിന്റെ സ്വന്തം വർഷം 1200ന്റെ നിറവിലേക്ക്. ഇന്ന് ചിങ്ങം പിറന്നതോടെ മലയാളത്തിന്റെ സ്വന്തം കലണ്ടർ വർഷം 1200 ലേക്ക് കടന്നു. അധികമാരുമറിയാതെയാണ് കൊല്ലവർഷം 1200 ൽ എത്തി നിൽക്കുന്നത്. കേരളത്തിന്റെ മാത്രമായ കാലഗണനാരീതിയിലാണ് കൊല്ല വർഷം എന്ന് അറിയപ്പെടുന്ന മലയാള വർഷം രൂപപ്പെടുത്തിയത്.
എ.ഡി 825 ലാണ് കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ ഇതര പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണയം ചെയ്തപ്പോൾ, മലയാള പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയുമാണ് അവലംബിച്ചത്. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മയാണ് കൊല്ലവർഷം ആരംഭിച്ചതെന്നാണ് വിശ്വാസം. ചിങ്ങം തുടങ്ങി കർക്കടകം വരെയുള്ള 12 മലയാള മാസങ്ങളാണ് ഉള്ളത്.
ഇംഗ്ലീഷ് മാസങ്ങൾ പോലെ ഓരോ മാസവും ഇത്ര ദിവസം എന്ന് കൃത്യമായി കണക്കില്ല. സൗരവർഷത്തെ അടിസ്ഥാനമാക്കി അതാതു വർഷത്തേക്ക് ഗണിച്ചെടുക്കുകയാണ് പതിവ്. കൊല്ലവും വർഷവും ഒരേ അർത്ഥമുള്ള വാക്കുകളാണതെന്ന് തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ല വർഷം ഉണ്ടായതെന്നാണ് അനുമാനം. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമക്കാണ് കൊല്ലവർഷം ആരംഭിച്ചതെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. രാജ്യ തലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ് കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റുചിലരും വാദിക്കുന്നു.
എന്നാൽ, ഹെർമ്മൻ ഗുണ്ടർട്ട് മറ്റൊരു വാദമാണ് മുന്നോട്ടു വെക്കുന്നത്. തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് ഒരു ശിവക്ഷേത്രം പുതിയതായി സ്ഥാപിച്ചതിന്റെ അനുബന്ധമായാണ് കൊല്ല വർഷം ആരംഭിച്ചതത്രെ. ഇതിന് എതിർവാദമുണ്ടായെങ്കിലും കൊല്ല വർഷം എന്ന പേര് നിലനിന്നു. മാസത്തിലെ ദിവസങ്ങൾ കേരളത്തിൽ ഇപ്പോഴും ഏകീകരിച്ചിട്ടില്ല. പല സംക്രമങ്ങളും തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മാറി മാറി വരാറുണ്ട്. എന്നാൽ ചിലപ്പോഴെല്ലാം ഇത് ഏകീകരിച്ച് വർഷദിനങ്ങൾ ഒന്നായി തന്നെ നിലനിൽക്കും. സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്കു പ്രവേശിക്കുന്ന സമയമാണ് പുതിയ മാസപ്പിറവി.
രാഘവൻ കടന്നപ്പള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.