കോന്നി: കോന്നി മെഡിക്കൽ കോളജിൽ ആംബുലൻസ് ഓടിക്കാൻ നിയോഗിക്കപ്പെട്ടവരുടെ നിഷേധാത്മക നിലപാട് മൂലം രോഗികൾ വലയുന്നു. നിരവധി തവണ വിവിധ ആശുപത്രികളിലേക്ക് കോന്നി മെഡിക്കൽ കോളജിൽ നിന്ന് റഫർ ചെയ്ത രോഗികളെ കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ തയാറായിട്ടില്ല. ആശുപത്രി സൂപ്രണ്ട് ജീവനക്കാർക്ക് മെമ്മോ നൽകിയെങ്കിലും നിലപാട് മാറ്റിയിട്ടില്ല.
ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ കോന്നി മെഡിക്കൽ കോളജ് ആംബുലൻസ് സർവീസ് നടത്താത്തത് ശബരിമല ബേസ് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോന്നി മെഡിക്കൽ കോളജാണ് ശബരിമല ബേസ് ആശുപത്രി. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് കോന്നി മെഡിക്കൽ കോളജിന് അനുവദിച്ച ആംബുലൻസാണ് ഡ്രൈവർമാരുടെ അനാസ്ഥ മൂലം സർവിസ് നടത്താത്തത്. കോവിഡ് കാലഘട്ടത്തിലാണ് ആംബുലൻസ് ഇവിടേക്ക് എത്തിക്കുന്നത്. ആദ്യ സമയത്ത് താൽക്കാലിക ജീവനക്കാരായിരുന്നു ആംബുലൻസ് ഓടിച്ചിരുന്നത്.
നിലവിൽ പി.എസ്.സി വഴി നിയമനം ലഭിച്ച ജീവനക്കാരാണ് ആംബുലൻസ് ഓടിക്കുന്നത്. എന്നാൽ ഈ ജീവനക്കാർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ആംബുലൻസിൽ രോഗികളുമായി സർവീസ് നടത്തുന്നില്ല എന്നാണ് ആക്ഷേപം. കുറച്ചു കാലങ്ങളായി മെഡിക്കൽ കോളജിന് അടിയിലെ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റി ഇട്ട നിലയിൽ ആയിരുന്നു ഈ ആംബുലൻസ്. ഇത് മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിക്ക് മുന്നിൽ ആംബുലൻസ് നിർത്തിയിട്ടിരിക്കുകയാണ്.
മെഡിക്കൽ കോളജ് ആംബുലൻസ് സർവീസ് നടത്താതെ വന്നതോടെ 108 ആംബുലൻസിനെ ആണ് ഇപ്പോൾ സാധാരണ ജനങ്ങൾ ആശ്രയിക്കുന്നത്. രാത്രി എട്ട് കഴിഞ്ഞാൽ 108 ആംബുലൻസ് സർവീസ് നടത്താത്തത് മൂലം സ്വകാര്യ ആംബുലൻസുകളെ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നുണ്ട്. വലിയ തുക നൽകിയെങ്കിൽ മാത്രമേ സ്വകാര്യ ആംബുലൻസുകളിൽ കോട്ടയം മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് സാധാരണക്കാർക്ക് രോഗികളെ എത്തിക്കാൻ കഴിയൂ.
സംസ്ഥാന പാതയുടെ നിർമാണത്തിന് ശേഷം നിരവധി വാഹനാപകടങ്ങൾ ഉൾപ്പെടെ കോന്നിയിൽ നടക്കുന്നതിനാൽ ഇത്തരത്തിൽ അപകടത്തിൽ പെടുന്നവരെ പോലും മറ്റ് ആശുപത്രിയിൽ കൊണ്ടുപോകാൻ മെഡിക്കൽ കോളേജ് ആംബുലൻസ് പ്രയോജനപെടുത്താം എന്നിരിക്കെയാണ് ജീവനക്കാരുടെ ധിക്കാരപരമായ നിലപാട്. സ്വകാര്യ ആംബുലൻസ് സർവീസുകാരെ സഹായിക്കാനാണ് ഇവർ സർക്കാറിന്റെ ശമ്പളം പറ്റി മുങ്ങി നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.