കൂത്ത്-കൂടിയാട്ടം കുലപതി പി.കെ.ജി നമ്പ്യാർ അന്തരിച്ചു

തൃശൂർ: പ്രശസ്ത കൂത്ത്-കൂടിയാട്ട കുലപതിയും യുനെസ്കോ അംഗീകരിച്ച കൂടിയാട്ട ഗുരുവുമായ ലക്കിടി പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠത്തിൽ പി.കെ.ജി നമ്പ്യാർ (പി.കെ. ഗോവിന്ദൻ നമ്പ്യാർ -93) അന്തരിച്ചു. തൃശൂർ പെരിങ്ങാവിൽ മകൾ ജ്യോതിശ്രീയുടെ വീടായ ‘സൗപർണിക’യിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒറ്റപ്പാലം ലക്കിടി തറവാട്ട് വീട്ടുവളപ്പിൽ. പാഠകം, ചാക്യാർകൂത്ത്, കൂടിയാട്ടം എന്നിങ്ങനെ വേഷപ്പകർച്ചകൾ ഏറെയാണ് പി.കെ.ജി എന്ന പി.കെ. ഗോവിന്ദൻ നമ്പ്യാരുടേത്.

മാണി മാധവചാക്യാരുടെയും ലക്കിടി കിള്ളിക്കുറുശ്ശി മംഗലം പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ കുഞ്ഞിമാളു നങ്ങ്യാരമ്മയുടെയും മകനായി 1930ലാണ്‌ ജനിച്ചത്‌. 14ാം വയസ്സിൽ കലാപഠനത്തിന്‌ തുടക്കം കുറിച്ചു. സംസ്കൃത പണ്ഡിതൻ പന്നിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യനായി. മണികണ്ഠീയം, പൂർവഭാരതചമ്പു, ഭട്ടാരകവിജയം എന്നീ ചമ്പു പ്രബന്ധങ്ങൾ ചാക്യാർകൂത്ത് രൂപത്തിൽ അവതരിപ്പിച്ചു. 18ാം വയസ്സിൽ ഒറ്റപ്പാലം എൻ.എസ്.എസ്‌ കൈപിടി സ്കൂളിൽ ഹിന്ദി അധ്യാപകനായി. അച്ഛൻ മാണി മാധവചാക്യാരാണ് ഗുരു. അരനൂറ്റാണ്ടിലധികം അച്ഛന്റെ കൂടിയാട്ടങ്ങളിൽ സഹനടനായും വിദൂഷകനായും രംഗത്തെത്തി.

1962 മുതൽ രാജ്യം മുഴുവൻ കൂടിയാട്ടം അവതരിപ്പിച്ചു. മദ്യനിരോധനം, സാക്ഷരത, കുഷ്ഠരോഗനിർമാർജനം എന്നീ വിഷയങ്ങൾ രാമായണം, മഹാഭാരതം കഥകളിൽ ഉൾപ്പെടുത്തി കൂത്ത്, പാഠകം രൂപത്തിൽ അവതരിപ്പിച്ചു. മാണി മാധവ ഗുരുകുലം സ്ഥാപക സെക്രട്ടറിയും കുഞ്ചൻ സ്മാരക ഭാരവാഹിയുമായിരുന്നു.

2001ൽ യുനെസ്‌കോ അംഗീകരിച്ച അഞ്ച്​ കൂടിയാട്ട ഗുരുക്കളിൽ ഒരാളാണ്‌ പി.കെ.ജി. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്, ഖാദി-ഹിന്ദി പ്രചാരകരത്ന അവാർഡ്, കോഴിക്കോട് സാമൂതിരിയുടെ സാരസ്യരത്നാകരപട്ടം, അഭിനയതിലകം വാഗ് ഭടൻ, തൃശൂർ നവനീതം കൾച്ചറൽ ട്രസ്റ്റ് പുരസ്കാരം, ധന്വന്തരിക്ഷേത്രത്തിലെ ധന്വന്തരി പുരസ്കരം എന്നിവക്കും അർഹനായി. ഭാര്യ: രമാദേവി. മക്കൾ: ജ്യോതിശ്രീ (തൃശൂർ ഭാരതീയ വിദ്യാഭവൻ നൃത്താധ്യാപിക), രാജേഷ് (മർച്ചന്‍റ്​ നേവി ചീഫ് എൻജിനീയർ). മരുമക്കൾ: ശ്രീലേഖ, മുകുന്ദൻ.

Tags:    
News Summary - Kooth-Koodiyattam Artist PKG Nambiar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.