കോതമംഗലം: നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് ആറ് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ദുർമന്ത്രവാദമെന്ന് സംശയം. ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്‍റെ മകൾ മുസ്കൻ ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിൽ രണ്ടാനമ്മ അനീഷയാണെന്നാണ് പൊലീസ് നിഗമനം. ഇവർ ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലപാതകം നടത്തിയതാണെന്ന സംശയത്തിലാണ് അന്വേഷണസംഘം. സംഭവത്തിൽ അനീഷയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കമില്ലെന്ന് അറിയിച്ച് വ്യാഴാഴ്ച രാവിലെ ആറരയോടെ അജാസ് ഖാൻ കുട്ടിയുമായി അയൽവാസികളെ സമീപിക്കുകയായിരുന്നു. തണുത്ത് വിറങ്ങലിച്ച ശരീരം കണ്ട് നാട്ടുകാർ അറിയിച്ചതോടെ പൊലീസും ശാസ്ത്രീയാന്വേഷണ വിഭാഗവും നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്ന് സംശയം ഉയർന്നു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിലാണ് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അജാസ് ഖാന്‍റെ ആദ്യ ഭാര്യയിലുള്ള മകളാണ് മുസ്കൻ. ഇപ്പോഴത്തെ ഭാര്യ അനീഷയുടെ രണ്ട് വയസ്സുള്ള കുട്ടിയോടൊപ്പമാണ് മുസ്കൻ ഉറങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. 30 വർഷം മുമ്പ് ഫർണിച്ചർ ജോലിക്ക് നെല്ലിക്കുഴിയിലെത്തിയതാണ് അജാസ് ഖാന്‍റെ കുടുംബം. ഏഴുവർഷമായി പുതുപ്പാലത്ത് വീടുവെച്ച് താമസിക്കുകയാണ്.
രണ്ടുവർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ച് പോയതോടെ കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിയ അജാസ് ഖാൻ, അഞ്ചുമാസം മുമ്പാണ് മകളോടൊപ്പം അനീഷയും കുട്ടിയുമായി തിരികെയെത്തിയത്. റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന വൈകീട്ട് സ്ഥലത്തെത്തി. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇരുവരെയും രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.