കോട്ടയം: ഇന്നലെ ഉച്ചയോടെ പേരൂര്‍ കണ്ണമ്പുര കടവില്‍ ചൂണ്ടയിടുന്നതിനിടെയാണ് നാട്ടുകാരിൽ ചിലർ ഞെട്ടിക്കുന്ന ദൃശ്യം കണ്ടത്. ആറ്റിലൂടെ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകി വരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ രണ്ടാമതൊരു കുട്ടിയെയും ആറുമാനൂര്‍ ഭാഗത്തെ പുഴയിൽ അമ്മയെയും കണ്ടെത്തി. നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു. ഹൈകോടതി അഭിഭാഷകയായ കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ(നാല്), നോറ ജിസ് ജിമ്മി (പൊന്നു-ഒന്ന്) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് കുഞ്ഞുങ്ങളുമായി ജിസ് മോള്‍ മീനച്ചിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഹൈകോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായിരുന്ന ജിസ് മോള്‍ 2019-20 കാലയളവിൽ മുത്തോലി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. കോൺഗ്രസ് പ്രവർത്തകയായിരുന്ന ഇവർ പൊതുരംഗത്തും സജീവമായിരുന്നു. കുടുംബ പ്രശ്‌നങ്ങളാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സംഭവം നടന്നതിന് സമീപത്ത് ജിസ്‌മോൾ എത്തിയ സ്‌കൂട്ടറും കണ്ടെത്തി. ഇതിൽ അഡ്വക്കേറ്റെന്ന സ്റ്റിക്കർ പതിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. രാവിലെയും ജിസ്‌മോൾ ആത്മഹത്യ ശ്രമം നടത്തിയതായി സൂചനയുണ്ട്. കൈത്തണ്ട മൂറിച്ച ഇവർ കുട്ടികൾക്ക് വിഷവും നൽകിയിരുന്നു. എന്നാൽ, കുട്ടികൾ ഛർദ്ദിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടതായാണ് പൊലീസിന്‍റെ നിഗമനം. പിന്നാലെയാണ് പുഴയിൽ ചാടിയത്. സംഭവസമയത്ത് ജിസ്മോളും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജിമ്മിയുടെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മറ്റുള്ളവർ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. നീറിക്കാട് കേന്ദ്രീകരിച്ച് എ.ടി.എസ് എന്ന പേരിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന്‍റെ ഉടമയായ ജിമ്മി, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിക്കൽ എൻജിനീയറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.