റാഗിങ് കേസിൽ അറസ്റ്റിലായ വിദ്യാർഥികൾ
കോട്ടയം: ഗവ. നഴ്സിങ് കോളജ് റാഗിങ് സംഭവത്തിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തി. ഇതിനിടെ, റാഗിങ്ങ് സംഭവത്തിൽ നാല് വിദ്യാർഥികൾ കൂടി കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.
ഇതുവരെ ഒരു പരാതി മാത്രമാണ് ലഭിച്ചിരുന്നത്. അതിനിടെ സംഭവത്തിൽ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടരുകയാണ്. ജോയന്റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞദിവസം ഡി.വൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോളജിലെത്തിയിരുന്നു.
പരാതിയിലുൾപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അഞ്ച് പ്രതികൾ മാത്രമാണുള്ളത്. കൂടുതൽ പ്രതികളില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പുറത്തുവന്ന പീഡന ദൃശ്യങ്ങളുടെ പരിശോധനക്ക് സൈബർസെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിമാൻഡിലുള്ള പ്രതികളെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങേണ്ടെന്ന നിലപാടിലാണ് പൊലീസ്.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കോട്ടയം: ഗവ. നഴ്സിങ് കോളജ് റാഗിങ് സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഗവ. നഴ്സിങ് കോളജ് പ്രിൻസിപ്പലും വിശദീകരണം നൽകണം. കോട്ടയത്ത് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.
പ്രതികളുടെ രാഷ്ട്രീയബന്ധത്തെ ചൊല്ലി വിവാദം
കോട്ടയം: ഗവ. നഴ്സിങ് കോളജിലെ റാഗിങ് പ്രതികളുടെ എസ്.എഫ്.ഐ ബന്ധത്തെച്ചൊല്ലി വിവാദം കനക്കുന്നു. ഇടത് അനുകൂല സംഘടന ഭാരവാഹിയാണ് അറസ്റ്റിലായ മുഖ്യപ്രതികളിലൊരാൾ. മറ്റുള്ളവർ സംഘടനയിലെ അംഗങ്ങളും. എന്നാൽ ആ സംഘടനയുമായോ വ്യക്തിയുമായോ ബന്ധമില്ലെന്നാണ് എസ്.എഫ്.ഐ വാദം.
കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ മറിച്ചും വാദിക്കുന്നു. മുഖ്യപ്രതികളിലൊരാളായ രാഹുൽ രാജിനാണ് ജി.എൻ.എം വിദ്യാർഥികളുടെ സംഘടനയായ കെ.ജി.എൻ.എസ്.എ ഭാരവാഹിത്വമുള്ളത്. എസ്.എഫ്.ഐ പ്രവർത്തകനുമാണ്. രാഹുൽരാജ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രവും ഇത് വ്യക്തമാക്കുന്നു.
കെ.ജി.എൻ.എസ്എക്ക് എസ്.എഫ്.ഐയുമായി യാതൊരു ബന്ധവുമില്ലെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വ്യക്തമാക്കിയത്. വിദ്യാർഥികളല്ല ക്രിമിനലുകളാണ് ഇവർ. ഏറ്റവും ശക്തമായ നിയമനടപടി ഉണ്ടാകണം. രാഹുൽ രാജ് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനല്ല, എസ്.എഫ്.ഐ മെമ്പർഷിപ്പും അയാൾക്കില്ലെന്ന് ആർഷോ പറഞ്ഞു.
എന്നാൽ ആർഷോയുടെ വാദം ശരിയല്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ എസ്.എഫ്.ഐയുമായി ബന്ധമുള്ള സംഘടനയാണ്. റാഗിങ്ങിന് മുന്നിൽ നിന്നത് അസോസിയേഷന് കീഴിലെ കോളജ് യൂനിയൻ ഭാരവാഹികളാണ്.
യൂനിയൻ അംഗങ്ങൾ റാഗിങ്ങിന് നേതൃത്വം നൽകുന്നത് അവർക്കു പുറമേ നിന്ന് ലഭിക്കുന്ന പരിരക്ഷ കൊണ്ടാണെന്നും അലോഷ്യസ് പറഞ്ഞു. റാഗിങ്ങിന് നേതൃത്വം കൊടുത്ത രാഹുൽ രാജ് ഉൾപ്പെടെയുള്ള പ്രതികൾ നഴ്സിങ് കോളജിലെ യൂനിയൻ ഭാരവാഹികളാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദും പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കബീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.