പ്രതി പ്രശാന്ത്
പേരാമ്പ്ര (കോഴിക്കോട്): ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്കുനേരെ മുൻ ഭർത്താവ് ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി ലഹരിക്ക് അടിമ. പ്രതിക്കെതിരെ മകനെ ഉപദ്രവിച്ചതിനുള്ള കേസുമുണ്ട്. പ്രതി തിരുവോട് കാരിപറമ്പ് പ്രശാന്ത് (36) ഏഴ് വർഷം മുൻപ് മൂത്ത മകനെയും കൊല്ലാൻ ശ്രമിച്ചെന്ന് ആക്രമണത്തിനിരയായ പൂനത്ത് സ്വദേശി പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞു. ഒരുതവണ മകനെ ഉപദ്രവിച്ചതിന് ചൈൽഡ് ലൈൻ കേസെടുത്തിരുന്നതായും ഇവർ പറഞ്ഞു.
ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് കൂട്ടാലിട പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29) ആക്രമണത്തിനിരയായത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പ്രബിഷ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രശാന്തിനെ മേപ്പയ്യൂർ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
പുറംവേദനയെ തുടർന്ന് പ്രബിഷ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ചെറുവണ്ണൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രബിഷ. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് പ്രശാന്ത് ആശുപത്രിയിൽ എത്തിയത്. കൈയിൽ സ്റ്റീൽ ഫ്ലാസ്കുമായായിരുന്നു വരവ്. പ്രബിഷയുമായി സംസാരിക്കുന്നതിനിടെ ഇയാൾ ഫ്ലാസ്കിൽ കരുതിയ ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നാലെ ഓടി ഇയാൾ ആസിഡ് ഒഴിച്ചു.
ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. തൃശൂരിൽ ടാക്സി ഡ്രൈവറാണ് പ്രശാന്ത്. ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയിട്ട് മൂന്നുവർഷമായി. എന്നാൽ, ഇതിനുശേഷവും പ്രശാന്ത് നിരന്തരം ശല്യം ചെയ്യാറുണ്ടെന്ന് പ്രബിഷയുടെ മാതാവ് സ്മിത പറഞ്ഞു.
13 വർഷം മുമ്പ് പ്രണയവിവാഹം കഴിച്ചവരാണ് ഇരുവരും. രണ്ടുകുട്ടികളുമുണ്ട്. മദ്യപിച്ചുവന്ന് നിരന്തരം പ്രബിഷയെയും മക്കളെയും അമ്മയെയും ഉപദ്രവിക്കാറുണ്ടായിരുന്നു. തുടർന്നാണ് വിവാഹമോചനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.