കോഴിക്കോട്: സ്വാദേറിയ കോഴിക്കോടൻ വിഭവങ്ങൾ വൃത്തിയും ആരോഗ്യകരവുമായ സാഹചര്യത്തിൽ വിളമ്പാനും കഴിക്കാനും ലക്ഷ്യമിട്ട് ബീച്ചിൽ തുടങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് ഫെബ്രുവരിയിൽ യാഥാർഥ്യമാകും. കോർപറേഷൻ ഓഫിസിന് മുൻവശത്തെ ബീച്ചിലാണ് ഭക്ഷണത്തെരുവ് ഒരുക്കുന്നത്. തെരുവോരത്തെ രുചികരമായ ഭക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ആസ്വദിച്ച് കഴിക്കാം എന്ന ആശയത്തിലാണ് ബീച്ചിൽ ആധുനിക ഭക്ഷണത്തെരുവ് ഒരുക്കുന്നത്. ആരോഗ്യവകുപ്പിന്റെയും ദേശീയ നഗര ഉപജീവന മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആകെ ചെലവാകുന്ന തുക 4.06 കോടിയാണ്. ഇതിൽ 2.41 കോടി രൂപ ദേശീയ ആരോഗ്യ മിഷനും ഒരുകോടി രൂപ ഭക്ഷ്യസുരക്ഷാവകുപ്പും വഹിക്കും.
നിർമാണജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിനായി 68 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഡി എർത്ത് ആർകിടെക്റ്റ് രൂപകൽപന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് നിർമിച്ച 90 തട്ടുകടകളാണ് ഇവിടെ സ്ഥാപിക്കുക. ജോലികളെല്ലാം പെട്ടെന്ന് പൂർത്തിയാക്കി ഫെബ്രുവരിയോടെ ഉദ്ഘാടനത്തിന് തയാറാകുമെന്ന് കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ദിവാകരൻ പറഞ്ഞു.
ആധുനികരീതിയിലുള്ള ഭക്ഷണ വിൽപന കേന്ദ്രങ്ങളുടെ മാതൃകയിൽ തെരുവ് ഭക്ഷണകേന്ദ്രത്തെയും ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. ആരോഗ്യകരമായ ചുറ്റുപാടിൽ വൃത്തിയുള്ള ഭക്ഷണം വിളമ്പുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ദേശീയ നഗര ഉപജീവന മിഷനും ഉറപ്പാക്കും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് കോർപറേഷൻ ബീച്ചിൽ ഒരുക്കുക. ശുദ്ധജലം, മലിനജല സംസ്കരണം എന്നിവയും ഉറപ്പാക്കും. മിഠായിത്തെരുവ്, കുറ്റിച്ചിറ, കോഴിക്കോട് ബീച്ച്, ബേപ്പൂർ ബീച്ച്, ഭട്ട്റോഡ് ബീച്ച്, മാനാഞ്ചിറ സ്ക്വയർ എന്നിവിടങ്ങളിലാണ് സംഗീതവേദികൾ സജ്ജമാക്കുക. നഗരത്തിലെ സംഗീതരംഗത്തെ സംഘടനകളുമായി സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.