കോഴിക്കോട്: കെട്ടിട ബലക്ഷയം മാറ്റാൻ കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മാറ്റുന്നതിനെ തുടർന്നുണ്ടാകുന്ന നഷ്ടം 1.33 കോടി രൂപ. പാവങ്ങാേട്ടക്ക് ബസ് ഡിപ്പോ മാറ്റുന്നതുമൂലം അധിക ദൂരം ബസ് ഓടുേമ്പാൾ 100 ബസുകൾക്ക് 75 ലക്ഷം രൂപ ഡീസൽ ഇനത്തിൽ മാത്രം ചെലവുവരുമെന്ന് മേഖല ഓഫിസ് ഏറ്റവും പുതുതായി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. നടക്കാവ് മേഖല വർക്ഷോപ്പിൽ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കാനും ചെലവു വരും.
ഗാരേജ് നിർമാണം, ഓഫിസ് മാറ്റം, യാർഡ് നിർമാണം, സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്മാറ്റം തുടങ്ങിയ ഇനങ്ങളിലുള്ള ചെലവടക്കമാണ് 1.33കോടി രൂപ അധികച്ചെലവ്. സർവിസ് അലേങ്കാലമാകുന്നതോടെയുണ്ടാകുന്ന വരുമാനനഷ്ടം ഇതിൽപെടില്ല. കോവിഡ് കാലത്തിനു മുമ്പുള്ള വരുമാനത്തിലേക്ക് കോഴിക്കോട് ഡിപ്പോ എത്തിയിരുന്നു. ബസ് സർവിസുകൾ കൃത്യമായി ഒരിടത്തുനിന്ന് നടത്തിയതോടെ യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന അവസ്ഥയിലെത്തി. മലബാറിൽ ഏറ്റവും കുടുതൽ വരുമാനം നൽകുന്ന ഡിപ്പോയാണിത്.
ബസുകൾ പല ഭാഗത്തുനിന്ന് സർവിസ് നടത്തുന്നതോടെ ഈ വരുമാനം വലിയതോതിൽ കുറയുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറയുന്നു. ദീർഘദൂര ബസുകൾ മാവൂർ റോഡിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്കും മലയോര മേഖലയിലേക്കുള്ള ബസുകൾ മാനാഞ്ചിറയിലും ക്രമീകരിക്കാനാണ് പദ്ധതി.
പൊതുവെ സാമ്പത്തികമായി നടുവൊടിഞ്ഞുകിടക്കുന്ന കെ.എസ്.ആർ.ടിസിയെ കൂടുതൽ ക്ഷീണിപ്പിക്കുന്നതാണ് പുതിയ പ്രതിസന്ധി. മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ബസ് സ്റ്റാൻഡും വ്യാപാരസ്ഥാപനങ്ങളും ഇവിടെനിന്ന് മാറ്റി ബലപ്പെടുത്തൽ വേണമെന്ന് നിർദേശം വന്നത്.
ബസ് സ്റ്റാൻഡ് രണ്ടാഴ്ചക്കകം മാറ്റാൻ സെപ്റ്റംബർ 23ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നുവെങ്കിലും മറ്റൊരു വിദഗ്ധ സമിതി ഐ.ഐ.ടി റിപ്പോർട്ട് പരിശോധിക്കണമെന്ന ആവശ്യമുയരുകയായിരുന്നു.
റിപ്പോർട്ടിൽ ദൂരൂഹത ആരോപിക്കപ്പെടുകയും കെട്ടിടം വാടകക്കെടുത്ത അലിഫ് ബിൽഡേഴ്സിനെ സഹായിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന ആരോപണമുയർന്നതോടെയാണ് ഒഴിപ്പിക്കൽ നടപടികളിൽ മെല്ലപ്പോക്ക് തുടങ്ങിയത്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് രണ്ടാഴ്ചക്കകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.