കോഴിക്കോട്: ജില്ലയിൽ വീണ്ടും കോവിഡും മറ്റ് പകർച്ച വ്യാധികളും വർധിക്കുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച കുന്നുമ്മൽ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും കോവിഡ് വ്യാപന ഭീതിയിലായി. മറ്റു പകർച്ചവ്യാധികളുമായി മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് കൂടാതെ എച്ച് 1 എൻ 1, മഞ്ഞപ്പിത്തം, ന്യൂമോണിയ, ഇൻഫ്ലുവൻസ ഉൾപ്പെടെ ബാധിച്ച് എൺപതോളം പേരാണ് ചികിത്സയിലുള്ളത്. ഡെങ്കിപ്പനി ബാധിച്ച് ഏഴുപേരും എലിപ്പനി ബാധിച്ച് മൂന്നു പേരെയും ശനിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഴ്ചയിൽ 30-40 പേരാണ് മഞ്ഞപ്പിത്തം പിടിപെട്ട് ചികിത്സക്ക് എത്തുന്നത്. അതിനിടെ ഷിഗല്ല ബാധിച്ച് പനങ്ങാട് പഞ്ചായത്തിലെ ആറു വയസ്സുകാരനും മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. എല്ലാ സർക്കാർ ആശുപത്രികളോടും കോവിഡ് ചികിത്സക്ക് തയാറായിരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം ലഭിച്ചിട്ടുണ്ട്. ആശുപത്രികളിലെ ബെഡ്, ഐ.സി.യു, വെന്റിലേറ്റർ, പി.പി.ഇ കിറ്റ്, കോവിഡ് രോഗികൾക്ക് ആവശ്യമായി വരുന്ന മരുന്ന് തുടങ്ങിയവയുടെ തൽസ്ഥിതി പരിശോധിക്കുന്നതിനുള്ള ഗൂഗ്ൾ ഫോമും എല്ലാ ആശുപത്രികൾക്കും എല്ലാ സർക്കാർ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്. തലവേദന, ചെറിയ തോതിൽ പനി, ശരീരവേദന തുടങ്ങിയവയാണ് കോവിഡിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണമുള്ളവർ ഉടനെ ചികിത്സ തേടണമെന്ന് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തുന്നവർ മാസ്ക് ധരിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന നിർദേശം.
കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിൽ 13ാം വാർഡിലെ വയോധികന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥീരികരിച്ചു. വട്ടോളി ദേശീയ ഗ്രന്ഥശാലക്കുസമീപം കളിയാട്ട് പറമ്പത്ത് കുമാരനാണ് (73) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തൊട്ടിൽപാലം കൂടൽ സ്വദേശിയാണ്.
ശ്വാസതടസ്സം ബാധിച്ചതിനാൽ വ്യാഴാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം. സ്രവം ശേഖരിച്ച് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റിവാണെന്ന് കണ്ടെത്തിയത്. കൂട്ടിരിപ്പുകാരായിരുന്ന ഭാര്യയുടെയും ഭാര്യാസഹോദരന്റെയും സ്രവം പരിശോധിച്ചപ്പോൾ ഫലം നെഗറ്റിവാണെന്നും അറിയിച്ചു.
സംസ്കാരം നടത്തുന്നതിനുള്ള മുൻകാല പ്രോട്ടോകോളുകളിൽ അവയുള്ളതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചതായി ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. ചടങ്ങ് നടത്തുന്നവർ പി.പി.ഇ കിറ്റുകൾ ധരിക്കേണ്ടെന്നും മാസ്കും കൈയുറയും ഉപയോഗിച്ചാൽ മതിയെന്നും അറിയിച്ചു. പഞ്ചായത്തിലെ ആർ.ആർ.ടി വളന്റിയർമാർ പി.പി.ഇ കിറ്റ് ധരിച്ചാണ് സംസ്കാരം നടത്തിയതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജിലേഷ് പറഞ്ഞു. മരിച്ച വീട്ടിൽ പുറത്തുനിന്നുള്ള ആരും പോയിട്ടില്ല.
കൂട്ടിരിപ്പുകാരായിരുന്ന രണ്ടുപേരും ക്വാറന്റീനിലാണ്. മുൻകാല നിയന്ത്രണങ്ങളോ റോഡ് അടക്കലോ ഇല്ല. പഞ്ചായത്തിലെ ആരോഗ്യ വിഭാഗം യോഗം ചേർന്നു. ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.