കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ന്യായവില മെഡിക്കൽ സ്റ്റോറുകളിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ വിതരണം മുടങ്ങി മരുന്ന് വിതരണം താറുമാറായിട്ടും പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാറിന് അമാന്തം. ഇക്കഴിഞ്ഞ 10 മുതൽ വിതരണക്കാർ മരുന്ന് വിതരണം നിർത്തിവെച്ചതോടെ കാൻസർ, ഡയാലിസിസ്, ഹൃദ്രോഗ മരുന്നുകൾ കിട്ടാതെ ജനം വലയുകയാണ്. നിരവധി പേർക്ക് ഡയാലിസിസ് മുടങ്ങി. എന്നിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ഏപ്രിൽ മുതൽ ഒമ്പതു മാസത്തെ കുടിശ്ശികയുണ്ടായിരുന്ന വിതരണക്കാർക്ക് മേയ് മാസത്തെ കുടിശ്ശികകൂടി ചൊവ്വ, ബുധൻ ദിവസങ്ങളിലായി നൽകാമെന്നും മരുന്ന് വിതരണം പുനരാരംഭിക്കണമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയൻ വിതരണക്കാരോട് ആവശ്യപ്പെട്ടിരുന്നു. സമരം തുടങ്ങിയശേഷം ശനിയാഴ്ച ഏപ്രിൽ മാസത്തെ കുടിശ്ശിക അനുവദിച്ചിരുന്നു. ഇതോടെ രണ്ടു മാസത്തെ കുടിശ്ശികയാണ് ലഭിക്കുക. എന്നാൽ സപ്തംബർ വരെയുള്ള കുടുശ്ശിക ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
മാത്രമല്ല മരുന്ന് വിതരണം നടത്തിയാൽ 90 ദിവസത്തിനകം പണം നൽകുമെന്ന ഉറപ്പും ലഭിക്കണമെന്നും അസോസിയേഷൻ പ്രതിനിധി പറഞ്ഞു.
അതേസമയം മെഡിക്കൽ കോളജിൽ ന്യായവില മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് ലഭിക്കാതെ രോഗികൾ പ്രയാസപ്പെടുകയാണ്. പിതാവിന് സ്ട്രോക്ക് വന്നതിനെതുർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി വന്നതാണ് തങ്ങളെന്നും മെഡിക്കൽ കോളജിലെ ന്യായവില, കാരുണ്യ മെഡിക്കൽ ഷോപ്പുകളിൽ അന്വേഷിച്ചിട്ട് ഡോക്ടർ എഴുതിത്തന്ന ഒരു മരുന്നുപോലും ലഭിച്ചില്ലെന്നും പരപ്പനങ്ങാടി സ്വദേശിനി പറഞ്ഞു.
കുടിശ്ശിക 80 കോടി കടന്നതോടെ 10 മുതൽ വിതരണക്കാർ മെഡിക്കൽ കോളജിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണ വിതരണം നിർത്തിവെച്ചിരുന്നു.
കോഴിക്കോട്: ജില്ലയിൽ പെരിട്രോണിയൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴി ഫ്ലൂയിഡ് വിതരണം നിലച്ചു.
മരുന്ന് വിതരണം മുടങ്ങിയത് സാധാരണക്കാരായ തങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും വിതരണം ഉടൻ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് രോഗികൾ കോഴിക്കോട് എ.ഡി.എം.ഒക്ക് ഓഫിസിലെത്തി പരാതി നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും ജില്ല താലൂക്ക് ആശുപത്രികളിൽ നിന്നുമായിരുന്നു പെരിട്രോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് (വീട്ടിൽനിന്ന് ഡയാലിസിസ് ചെയ്യുന്നവർ) കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴി മരുന്ന് വിതരണം നടത്തിയിരുന്നത്.
എന്നാൽ, ഈ മാസം ആദ്യം മുതൽതന്നെ ഇതിന്റെ വിതരണം നിലച്ചു. ബീച്ച് ആശുപത്രിയിൽനിന്ന് നേരത്തേ മരുന്ന് ലഭിച്ചിരുന്നെങ്കിലും ആറ് മാസം മുമ്പേ ഇതു നിലച്ചിരുന്നതായും രോഗികൾ പറഞ്ഞു.
സാധാരണഗതിയിൽ ഒരു രോഗിക്ക് ഒരുദിവസത്തെ ഡയാലിസിന് 1200 രൂപ വേണമെന്നും മരുന്ന് വിതരണം മുടങ്ങിയത് സാധാരണക്കാരായ രോഗികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും മലാപ്പറമ്പ് സ്വദേശി വി. രജീഷ് പറഞ്ഞു.
രജീഷിന്റെ പിതാവ് ശശീന്ദ്രൻ 45 ദിവസത്തെ ഫ്ലൂയിഡ് വാങ്ങുന്നതിന് 36000 രൂപയാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിവഴി അനുവദിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കാരുണ്യ, ന്യായവില മെഡിക്കൽ ഷോപ്പുകളിൽനിന്നാണ് ഇവ അനുവദിച്ചിരുന്നത്.
എന്നാൽ, ഈമാസം ആറിന് എത്തിയപ്പോൾ കാരുണ്യ പദ്ധതി പ്രകാരം പെരിട്രോണിയർ ഡയാലിസിസിന് മരുന്ന് വിതരണം നിർത്തിവെച്ചതായി മറുപടി ലഭിച്ചതായും രജീഷ് പറഞ്ഞു. ജില്ലയിൽ മറ്റ് സർക്കാർ ആശുപത്രികളിലും മരുന്ന് ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.