കോഴിക്കോട്: അവധിക്ക് നാട്ടിലേക്ക് വന്ന കോഴിക്കോട് സ്വദേശിയായ സൈനികനെ യാത്രക്കിടെ കാണാതായതായി പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് കാണാതായത്. ഡിസംബർ 17 മുതൽ വിഷ്ണുവിനെ കുറിച്ച് വിവരമില്ലെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതൽ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ എലത്തൂർ പൊലീസിൽ പരാതി നൽകി. ചൊവാഴ്ചയാണ് അവസാനമായി വീട്ടുകാരുമായി വിഷ്ണു ബന്ധപ്പെട്ടത്. കണ്ണൂരിൽ എത്തിയെന്നാണ് അമ്മക്ക് മെസേജ് അയച്ചത്. പുലർച്ചെ കോഴിക്കോട് എത്തുമെന്നും അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ജനുവരി 11ന് വിഷ്ണുവിന്റെ വിവാഹമാണ്. അതിനായി അവധിയെടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിഷ്ണു എത്താത്തതിനെ തുടർന്ന് കുടുംബം പരിഭ്രാന്തിയിലായി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ ആയിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിനും ജില്ലാ കലക്ടർക്കും പരാതി നൽകി.
അതേസമയം, വിഷ്ണുവിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അവസാന ടവർ ലൊക്കേഷൻ കാണിച്ചത് പൂനെയിലാണ്. പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. വിഷ്ണുവിനെ കാണാനില്ലെന്ന് വ്യക്തമായതോടെ പുനെ സൈനിക ക്യാമ്പ് അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബോക്‌സിങ് താരമാണ് വിഷ്ണു. ഒമ്പത് വർഷം മുൻപാണ് വിഷ്ണു സൈന്യത്തിൽ ചേർന്നത്. ഒറീസ, അസം എന്നീ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.