തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. രാവിലെ 11നാണ് യോഗം. നേതൃത്വത്തിനെതിരെ കെ. മുരളീധരനും കെ. സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ആരോപണം ശക്തമാണ്.

വിജയ സാധ്യതകള്‍ക്കപ്പുറം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാർഥി നിര്‍ണയം നടത്തിയെന്നും താഴേത്തട്ടില്‍ പരാതികളേറെയാണ്. തോൽവിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പ്രവർത്തകർക്കിടയിൽ അസ്വസ്ഥതയുണ്ടാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും ആർ.എം.പിയുമായുളള സഹകരണവും ഉള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടില്‍ മുല്ലപ്പളളി രാമചന്ദ്രനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് ഒരുവിഭാഗം. ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയ നടപടി അനൗചിത്യമായെന്ന അഭിപ്രായക്കാരും നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ ചുവടുപിടിച്ച് വരുംദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികളുണ്ടായേക്കുമെന്നാണ് സൂചന.

Tags:    
News Summary - KPCC Political Affairs Committee meeting today to assess election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.