ജാതിസെൻസസിൽ ഒന്നും മിണ്ടാതെ മുഖ്യമന്ത്രി; കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന് തുടക്കം

ജാതിസെൻസസിൽ ഒന്നും മിണ്ടാതെ മുഖ്യമന്ത്രി; കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന് തുടക്കം

ആലപ്പുഴ: നമ്മുടെ നാടിനു മുന്നിൽ എല്ലാ ഭേദചിന്തയും കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ പഴയതിലേക്ക് തിരിച്ചുകൊണ്ട് പോകാനുള്ള നീക്കം നടക്കുമ്പോൾ അതിനെ ചെറുക്കാനുള്ള പൊതു യോജിപ്പ് വളർന്ന് വരണമെന്നും പിണറായി പറഞ്ഞു. കെ.പി.എം.എസ് 54ാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിഭേദവും മതദ്വേഷവുമില്ലാത്ത നാട് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ആ എല്ലാവരിലും യഥാർഥത്തിൽ എല്ലാവരും ഉണ്ടോ. അതാണ് ചിന്തിക്കേണ്ട കാര്യം. ആ ചിന്ത ശരിയായ രീതിയിൽ ഉണ്ടായാൽ മാത്രമെ ആരാണ് അതിന് എതിര് നിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയൂ. അവർക്കെതിരെ നിൽക്കാനുള്ള ശേഷി ആർജിക്കാനാവണം. അവിടെ കാലിടറരുത്. അവിടെ അവസരവാദ നിലപാടുകളിലേക്ക് പോകരുത്. കഴിയാവുന്നിടത്തോളം ആളെ കൂട്ടി ഇത്തരം തെറ്റുകൾക്കെതിരെ അണിനിരക്കണം- പിണറായി പറഞ്ഞു. അത്തരം ശ്രമങ്ങൾ നടക്കുന്നില്ലെങ്കിൽ നമ്മുടെ സ്വന്തം എന്നു കരുതുന്നവരെ തന്നെ തെറ്റായ ധാരണയിലേക്ക് റാഞ്ചിയെടുക്കും. അതിനുള്ള ബോധപൂർവമായ നീക്കം നടക്കുകയാണ്. അത് ഏറ്റവും വലിയ സാമൂഹിക വിപത്തായി മാറുകയാണ്. പുന്നല പറഞ്ഞത് സർക്കാർ ഇത്തരം കാര്യങ്ങളിൽ ഉറച്ച നിലപാടെടുക്കണമെന്നാണ്. നിങ്ങൾ ആഗ്രഹിക്കുന്നത് എത്രമാത്രം ഉറച്ച നിലപാടാണോ അതിലും അധികമുള്ള ഉറച്ച സർക്കാറാണിത്. അതിൽ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ജാതിസെൻസസ് നടത്തണമെന്ന സി.പി.എം പാർട്ടി കോൺഗ്രസ് തീരുമാനത്തെകുറിച്ച് മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചില്ല. ആലപ്പുഴയിൽ നടക്കുന്ന കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സി.പി.എം പാർട്ടി കോൺഗ്രസ് എടുത്ത രണ്ട് തീരുമാനങ്ങളെ കെ.പി.എം.എസ് വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പറഞ്ഞു. അതിൽ ഒന്ന് സ്വകാര്യ മേഖലയിലും സംവരണം ഏർപ്പെടുത്തണമെന്നതാണ്. രണ്ടാമത്തേത് ജാതിസെൻസസ് നടപ്പാക്കണമെന്നതാണ്. ഇവ രണ്ടും കെ.പി.എം.എസ് ദീർഘകാലമായി ആവശ്യപ്പെടുന്നതാണെന്നും പുന്നല പറഞ്ഞു. സമ്മേളം ഉദ്ഘാടനം ചെയ്ത് ദീർഘമായി നടത്തിയ പ്രസംഗത്തിൽ പുന്നല പറഞ്ഞ മറ്റ് പല കാര്യങ്ങളെകുറിച്ചും സവിസ്തരം പരാമർശിച്ച മുഖ്യമന്ത്രി കാതലായ ഈ രണ്ട്കാര്യങ്ങളെകുറിച്ച് ഒന്നും പറഞ്ഞില്ല.

കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് പി.ജെ. അജയഘോഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗതം പറഞ്ഞു. മന്ത്രി പി. പ്രസാദ്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, തമിഴ് സിനിമാ സംവിധായകൻ മാരി സെൽവരാജ് എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ചയാണ് സമ്മേളനം സമാപിക്കുന്നത്.

Tags:    
News Summary - KPMS state conference begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.