തൃപ്രയാർ: 1987 -'88ൽ 453 ദിവസം നീണ്ട പ്രസിദ്ധമായ അഴിമാവ് മദ്യ വിരുദ്ധ സത്യഗ്രഹം തുടങ്ങാൻ കാരണമായത് അന്നത്തെ എക്സൈസ് മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ ഒരു പ്രഖ്യാപനമായിരുന്നു.
1987ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായ ശേഷം മദ്യവിതരണ മേഖല സംബന്ധിച്ച് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ അവർ ഞെട്ടി.
കേരളത്തെ മദ്യ പ്രളയത്തിൽ മുക്കാൻ തരത്തിലാണ് ഷാപ്പുകളുടെ എണ്ണം കണ്ടെത്തിയത്. ലൈസൻസ് പ്രകാരം അനുവദിച്ച ചാരായം, കള്ളുഷാപ്പുകൾ കൂടാതെ അവയുടെ ഉപ ഷാപ്പുകൾ എന്ന പേരിൽ അനധികൃതമായ 20,000 ഷാപ്പുകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയത്.
ഈ 20,000 ഷാപ്പുകൾ പൂട്ടണമെന്ന് പിറ്റേന്ന് ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം ഗൗരിയമ്മക്ക് എക്സൈസ് വകുപ്പ് നഷ്ടമായി. സാംസ്കാരിക മന്ത്രിയായ ടി.കെ. രാമകൃഷ്ണൻ എക്സൈസ് മന്ത്രിയായി. ഗൗരിയമ്മയെ റവന്യൂ വകുപ്പിെൻറ ചുമതല ഏൽപിച്ചു. ഉപ ഷാപ്പുകൾക്കെല്ലാം ലൈസൻസും നൽകി.
ഉപ ഷാപ്പുകൾ പൂട്ടണമെന്ന ഗൗരിയമ്മയുടെ ഉത്തരവു വന്ന ഉടനെയാണ് അഴിമാവിലെ ഉപ ഷാപ്പുകളായ ചാരായ ഷാപ്പും കള്ളുഷാപ്പും പൂട്ടണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി രൂപവത്കരിച്ച് നിവേദനം നൽകിയത്. പിന്നീട് ടി.കെ. രാമകൃഷ്ണൻ എക്സൈസ് മന്ത്രിയായി വന്നതോടെ സമരത്തെ അടിച്ചമർത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
107 വകുപ്പെന്ന കരിനിയമം പ്രഖ്യാപിച്ച് നിരവധി പേരെ ജയിലിലടച്ചു. ഇതോടെ അഴിമാവി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കേരളത്തിൽ നടക്കുന്നത് അബ്കാരി ഭരണമാണെന്ന് തുറന്നടിച്ചു. ഇടതു സഹയാത്രികനും സോഷ്യലിസ്റ്റുമായ ഐ.എം. വേലായുധൻ മാസ്റ്റർ അഴിമാവിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
അവശനായപ്പോൾ അറസ്റ്റു ചെയ്തു മാറ്റി. ഉടൻ പ്രഫ. ജി. കുമാരപിള്ള സത്യഗ്രഹമാരംഭിച്ചു. ഇതോടെ സർക്കാർ മുട്ടുമടക്കി. അഴിമാവിലെ ഷാപ്പുകൾ അടച്ചുകൊണ്ടുള്ള ഉത്തരവിൽ മന്ത്രി ടി.കെ. രാമകൃഷ്ണൻ ഒപ്പിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.