ആലപ്പുഴ: കെ.ആർ. ഗൗരിയമ്മ വീണ്ടും തലസ്ഥാനത്തെത്തി. ഒന്നര പതിറ്റാണ്ട് മുമ്പ് യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായിരിക്കെയാണ് അവസാനമായി അവർ തലസ്ഥാനത്ത് താമസിച്ചത്. ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഗൗരിയമ്മ ശനിയാഴ്ചയാണ് അനുജത്തി ഗോമതിയുടെ മകൾ പ്രഫ. പി.സി. ബീനാകുമാരിയും കുടുംബവും താമസിക്കുന്ന തിരുവനന്തപുരം വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയിൽ വീട്ടിൽ എത്തിയത്.
ബീനാകുമാരിയുടെ മകൾ ഡോ. പാർവതിയുടെ മക്കളായ എട്ട് വയസ്സുകാരി അച്ചുവും മൂന്ന് വയസ്സുകാരൻ ആദിയുമാണ് ഗൗരിയമ്മയുടെ കൂട്ടുകാർ. അവരുടെ ചിരിയും ബഹളവുമൊക്കെ വല്യമ്മ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ബീനാകുമാരി 'മാധ്യമ'ത്തോട് പറഞ്ഞു. എറണാകുളത്ത് ഡോക്ടർമാരായി ജോലി ചെയ്യുന്ന പാർവതിയും ഭർത്താവ് ജിതിനും മക്കളുമായി വരുന്നത് കണക്കിലെടുത്താണ് ഗൗരിയമ്മ തിരുവനന്തപുരത്തേക്ക് എത്തിയത്. ബീനാകുമാരിയുടെ ഭർത്താവും തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് വിരമിച്ച ഇ.എൻ.ടി സർജൻ ഡോ. ഉണ്ണികൃഷ്ണൻകൂടി അടുത്തുള്ളതിനാൽ ആരോഗ്യകാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധനൽകാനും കഴിയും. രണ്ടുദിവസംകൊണ്ട് ഭക്ഷണം കഴിക്കുന്നതിൽ താൽപര്യം വർധിച്ചിട്ടുണ്ട്. എല്ലാവരുമായി സംസാരിക്കാനും താൽപര്യമുണ്ട്.
ബീനാകുമാരിയുടെ മകൻ ടെക്നോപാർക്കിൽ എൻജിനീയറായ അരുണും ഭാര്യ ആർക്കിടെക്റ്റായ ലക്ഷ്മിയും വീട്ടിലുണ്ട്. ആലപ്പുഴയിൽ ഗൗരിയമ്മക്ക് കൂട്ടായി ചേച്ചി ഭാരതിയുടെ മകൾ ഇൻഡസും സുരക്ഷ ഉദ്യോഗസ്ഥരായ ജോണും ബ്രില്യൻറുമായിരുന്നു ഉണ്ടായിരുന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുരക്ഷാ ഉദ്യോഗസ്ഥരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.