ഇടുക്കി: കെ.എസ്.ഇ.ബി-അദാനി കരാർ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യുതി വാങ്ങുന്നതിന് ആദാനിയുമായി കെ.എസ്.ഇ.ബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് എം.എം. മണി പറഞ്ഞു.
കേന്ദ്ര സർക്കാറിന്‍റെ നിർദേശ പ്രകാരമാണ് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത്. വൈദ്യുതി വാങ്ങുന്നത് പൊതുമേഖലയിൽ നിന്ന് മാത്രമാണ്. ഒരു സ്വകാര്യ കമ്പനിയുമായും കെ.എസ്.ഇ.ബിക്ക് കരാറില്ലെന്നും എം.എം. മണി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പരത്തുകയാണ്. ചെന്നിത്തലക്ക് സമനില തെറ്റിയെന്നും എം.എം. മണി ആരോപിച്ചു.
അദാനിയുടെ കമ്പനിയിൽ നിന്ന് വൈദ്യൂതി വാങ്ങാൻ കെ.എസ്.ഇ.ബിയുണ്ടാക്കിയ കരാറിൽ വൻ അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. നിലവിൽ യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ വൈദ്യൂതി ലഭിക്കുമെന്നിരിക്കെ, 2.86 രൂപ നിരക്കിൽ അദാനിയിൽ നിന്ന് 25 വർഷം വൈദ്യൂതി വാങ്ങാനാണ് കരാർ. 25 വർഷത്തേക്കുള്ള 8,850 കോടിയുടെ കരാറാണിത്. ഇതുകൊണ്ട് 1,000 കോടിയുടെ ലാഭമെങ്കിലും അദാനിയുടെ കമ്പനിയുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
പാരമ്പര്യ സ്രോതസുകളിൽ നിന്നുള്ള വൈദ്യൂതി നിശ്ചിത അളവ് വാങ്ങണമെന്ന വ്യവസ്ഥയുടെ മറവിലാണ് കരാറുണ്ടാക്കിയിരിക്കുന്നത്. കാറ്റിൽ നിന്നുള്ള വൈദ്യുതി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തത് അദാനിക്ക് അതിന്‍റെ ഗുണം ലഭിക്കാൻ മാത്രമായിരുന്നെന്നും ഇതിൽ കേന്ദ്ര സർക്കാറിനും താൽപര്യമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആഗോള തലത്തിൽ തന്നെ വൈദ്യൂതി വില കുറഞ്ഞു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കൂടിയ വിലക്ക് 25 വർഷത്തെ കരാർ ഉണ്ടാക്കിയിരിക്കുന്നത്. ൈവദ്യുതി ഇടപാടിന് ദീർഘകാല കരാറുകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കുന്ന ഘട്ടത്തിലാണ് കേരളം 25 വർഷെത്ത കരാറിന് തയാറായിരിക്കുന്നത്. ഇത് അദാനിയുമായുള്ള അഴിമതി കൂട്ടുകെട്ടാണ്. സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കുന്ന കരാറിൽ നിന്ന് സർക്കാർ ഉടൻ പിൻമാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാറിന്‍റെ പുതിയ പങ്കാളികളായ കേന്ദ്ര സർക്കാറും അദാനിയുമായുള്ള കൂട്ടുകെട്ടിന്‍റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.