പാലക്കാട്: സ്മാർട്ട് മീറ്ററുമായി ബന്ധപ്പെട്ട് നടന്നുവന്ന പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെച്ച് കെ.എസ്.ഇ.ബിയും വൈദ്യുതി വകുപ്പും. പദ്ധതി ഉപേക്ഷിക്കണമെന്ന നിർദേശം മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വൈദ്യുതി വകുപ്പിന് നൽകിയതായി അറിയുന്നു. ഭരണാനുകൂല സംഘടനകൾ പദ്ധതിയുടെ നടത്തിപ്പിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രക്ഷോഭം കടുപ്പിച്ചതാണ് പദ്ധതിക്ക് തടസ്സമായത്. സി.പി.എം പോളിറ്റ്ബ്യൂറോ അടക്കം പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
പ്രതിഷേധങ്ങൾക്കിടെ ആദ്യഘട്ടത്തിൽ വരുമാനം കൂടിയ 14 ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസുകൾക്ക് കീഴിെല മുഴുവൻ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിരുന്നു. സ്മാർട്ട് മീറ്ററുകളിലെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കാനുള്ള കൺട്രോൾ സെന്ററുകൾ വിവിധ ജില്ലകളിൽ നിർമിക്കാനും കെ.എസ്.ഇ.ബി അംഗീകാരം നൽകി. 37 ലക്ഷം സ്മാർട്ട് മീറ്ററുകൾക്കുള്ള ടെൻഡർ നടപടി പൂർത്തിയാക്കി സർക്കാറിന്റെ പരിഗണനക്ക് കൈമാറുകയും ചെയ്തു. ഇവയുടെ തുടർനടപടി സ്വീകരിക്കേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം.
ടോട്ടക്സ് മാതൃകയിൽ (കരാർ കമ്പനി ചെലവ് മുഴുവൻ വഹിക്കുകയും പിന്നീട് തിരിച്ച് ഈടാക്കുകയും ചെയ്യുന്ന നടത്തിപ്പ്) സ്വകാര്യ കമ്പനികളെ ഏൽപിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് സി.പി.എം അനുകൂല സംഘടനകൾ ഉൾപ്പെടെ പ്രക്ഷോഭത്തിനിറങ്ങിയത്. സ്മാര്‍ട്ട് മീറ്റര്‍ ടോട്ടക്സ് മാതൃകയില്‍ മാത്രമേ നടപ്പാക്കാവൂവെന്നാണ് ഊര്‍ജമന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്രസ്ഥാപനമായ സി-ഡാക്കിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുമേഖലയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്ന ബദൽ നിർദേശമാണ് ഇടതുസംഘടനകൾ മുന്നോട്ടുവെക്കുന്നത്. പക്ഷേ സി-ഡാക്കിന്റെ ശേഷിക്ക് പ്രതികൂലമായും ആരോപണം ഉയർന്നിരുന്നു.
ഇതിനിടെ, സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരെ പദ്ധതിപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ നിർദേശം ലഭിച്ചിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ടിൽ കേന്ദ്രത്തിന്റെ തുടർസഹായം നഷ്ടമാകുമോ എന്ന ആശങ്ക ഉന്നയിക്കപ്പെട്ടു. പിന്നീട് സ്മാർട്ട് മീറ്റർ സംബന്ധിച്ച് തൊഴിലാളി യൂനിയനുകളുമായി മന്ത്രി നിരന്തരം ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല. ഇതിനിടെ സ്മാർട്ട് മീറ്റർ നടപടികൾ അൽപം സജീവമായിരുന്നെങ്കിലും സി.പി.എം അനുകൂല സംഘടനക്കാർ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.