തിരുവനന്തപുരം: പകൽസമയത്തെ വൈദ്യുതി ശേഖരിച്ച് രാത്രിയിലും ഉപയോഗിക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം (ബെസ്) സ്ഥാപിക്കാനുള്ള കരാർ ഒപ്പിട്ടു. സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന പദ്ധതിയുടെ നിർവഹണ ചുമതലയുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായാണ് കെ.എസ്.ഇ.ബി കരാർ ഒപ്പുവെച്ചത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ.എസ്.ഇ.ബി കൊമേഴ്സ്യൽ ആൻഡ് താരിഫ് ചീഫ് എൻജിനീയർ എം.പി. രാജൻ, സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ അതുല്യ കുമാർ നായിക് എന്നിവർ കരാർരേഖ കൈമാറി.
കാസർകോട് മൈലാട്ടി 220 കെ.വി സബ്സ്റ്റേഷനിലാണ് 125 മെഗാവാട്ട് / 500 മെഗാവാട്ട് അവര്‍ (എം.ഡബ്ല്യൂ.എച്ച്) നിലയം സ്ഥാപിക്കുന്നത്. കേന്ദ്ര ഊർജമന്ത്രാലയം 2024 നവംബറിൽ പദ്ധതിക്ക് 135 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചിരുന്നു. കരാർ പ്രകാരം യൂനിറ്റിന് 4.61 രൂപയാണ് സ്റ്റോറേജ് നിരക്ക്. നാലു മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യപദ്ധതി കൂടിയാണിത്. പദ്ധതി പ്രവർത്തനക്ഷമമായശേഷം പ്രതിമാസം കപ്പാസിറ്റി സ്റ്റോറേജ് ചാർജ് 12 വര്‍ഷംകൊണ്ട് ഡെവലപ്പർക്ക് നൽകും. ഏകദേശം 750 കോടി രൂപയുടെ പ്രാരംഭ മുതൽമുടക്കാണ് കെ.എസ്.ഇ.ബിക്ക് ഇത്തരത്തിൽ ഒഴിവായത്. 18 മാസമാണ് പൂർത്തീകരണ കാലാവധിയെങ്കിലും ഒമ്പത് മാസത്തിനകം പദ്ധതി പൂർത്തീകരിക്കുന്നതിന് എട്ട് കോടി 40 ലക്ഷം രൂപ ഇന്‍സെന്റിവും കെ.എസ്.ഇ.ബി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ, അടുത്തവർഷം വേനൽക്കാലത്തിനുമുമ്പ് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അടുത്തഘട്ടമായി നാഷനൽ ഹൈഡ്രോ പവർ കോർപറേഷന് കേന്ദ്രസർക്കാർ ലഭ്യമാക്കിയ വയബിലിറ്റി ഗ്യാപ് ഫണ്ട് ഉപയോഗിച്ച് 125 മെഗാവാട്ട്/ 500 മെഗാവാട്ട് അവര്‍ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം കേരളത്തിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. 135 കോടി രൂപയാണ് ഇതിലൂടെ കേരളത്തിന് ലഭ്യമാവുക. ശ്രീകണ്ഠപുരം, പോത്തൻകോട്, അരീക്കോട്, മുള്ളേരിയ എന്നിങ്ങനെ നാല് സബ്സ്റ്റേഷനുകളിലായി നാലു മണിക്കൂർ സ്റ്റോറേജ് ശേഷിയുള്ള ‘ബെസ്’ സ്ഥാപിക്കാൻ എൻ.എച്ച്.പി.സി ഇതിനകം ടെൻഡർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.