കൊച്ചി: കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് സൗരോർജമാണ് ശാശ്വത പരിഹാരമെന്ന റിപ്പോർട്ടുണ്ടായിരിക്കെ മുഖംതിരിച്ച് സർക്കാർ. അണക്കെട്ടുകളിൽ വിഭാവനം ചെയ്ത സൗരോർജ പദ്ധതികൾ എങ്ങുമെത്തിയില്ല. ‘പുരപ്പുറം വൈദ്യുതി’യോടും അധികൃതർക്ക് മമതയില്ലെന്ന് ആക്ഷേപമുണ്ട്. ഭീമമായ നഷ്ടക്കണക്ക് നിരത്തുന്ന വൈദ്യുതി ബോർഡിനോട് പരിഹാരമായി മുതൽമുടക്ക് കുറഞ്ഞ സൗരോർജം ഉപയോഗപ്പെടുത്താൻ റെഗുലേറ്ററി കമീഷൻ ആവർത്തിച്ച് നിർദേശിച്ചിട്ടും ഫലപ്രദ നടപടികളില്ലെന്നത് ദുരൂഹമാണ്.
തീവിലയിൽ പുറംവൈദ്യുതി വാങ്ങി ബുദ്ധിമുട്ടുമ്പോഴാണ് ഉപഭോക്താക്കൾക്കും ബോർഡിനും ഒരേപോലെ ഗുണകരമായ സോളാർ വൈദ്യുതി ഉപയോഗം വർധിപ്പിക്കാൻ പദ്ധതികളില്ലാത്തത്. യൂനിറ്റിന് എട്ട് മുതൽ 12 രൂപ വരെ നൽകി വൈദ്യുതി പുറത്തുനിന്ന് വാങ്ങി ബാധ്യത ഉപഭോക്താവിൽ അടിച്ചേൽപിക്കുന്നതിനോട് താൽപര്യം കാട്ടുന്നതിനുപിന്നിൽ ഇടപാടിലൂടെ ലഭിക്കുന്ന വ്യക്തിപരമായ നേട്ടമാണെന്ന് വിമർശനമുണ്ട്. പുറംവൈദ്യുതിക്കായി കരാറിൽ ഏർപ്പെടുന്നതിലും വില നിശ്ചയിക്കുന്നതിലുമടക്കം ബന്ധപ്പെട്ടവർ ലാഭമുണ്ടാക്കുന്നതായാണ് ആരോപണം.
‘പുരപ്പുറ സേളാറി’ൽ വീട്ടുപയോഗം കഴിഞ്ഞ് അധികം വരുന്ന വൈദ്യുതി ബോർഡ് വാങ്ങി പണം നൽകുന്ന പദ്ധതിയോട് ആളുകൾ താൽപര്യം കാണിച്ചുതുടങ്ങിയ ഘട്ടത്തിലാണ് വിലകുറക്കൽ രീതി പ്രഖ്യാപിച്ചത്. സോളാർ വൈദ്യുതി വാങ്ങി പകരം വീട്ടാവശ്യത്തിന് ഗ്രിഡ് വൈദ്യുതി നൽകുന്നത് നഷ്ടക്കച്ചവടമെന്ന വിചിത്ര ന്യായമാണ് അടുത്തനാളിൽ റെഗുലേറ്ററി കമീഷന് മുന്നിൽ കെ.എസ്.ഇ.ബി വെച്ചത്. ഉപഭോഗം കുറഞ്ഞ പകൽ സമയത്താണ് സൗരോർജ ഉൽപാദനം. യൂനിറ്റിന് 2.69 രൂപക്ക് ഇത് വാങ്ങി പകരം രാത്രി പീക്ക് അവറിൽ യൂനിറ്റിന് 10 രൂപക്കുള്ള വൈദ്യുതി നൽകി നഷ്ടം സഹിക്കാൻ വയ്യെന്നാണ് നിലപാട്.
അണക്കെട്ടുകളിലെ സോളാർ പദ്ധതി പ്രഖ്യാപനം നടപ്പായത് ഇടുക്കിയിലും ബാണാസുരയിലും മാത്രമാണ്. ആദ്യഘട്ടത്തിൽ പൊൻമുടി, ചെങ്കുളം, കല്ലാർ, കല്ലാർകുട്ടി, കുണ്ടല, മാട്ടുപ്പെട്ടി, ആനയിറങ്കൽ, അരുവിക്കര, പേപ്പാറ അണക്കെട്ടുകളിൽകൂടി നടപ്പാക്കാനായിരുന്നു തീരുമാനം. കായംകുളം എൻ.ടി.പി.സി.യിൽ 92 മെഗാവാട്ടിന്റെയും കനാലുകൾക്ക് മുകളിൽ 50 മെഗാവാട്ടിന്റെയും സോളാർ നിർദേശവും കെ.എസ്.ഇ.ബി നടപ്പാക്കിയില്ല. കൊച്ചി വിമാനത്താവള മാതൃകയിൽ വ്യവസായ സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്നതും പാഴ് വാക്കായി.
മറ്റ് സംസ്ഥാനങ്ങൾ വലിയ തോതിൽ സൗരോർജം ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതി പദ്ധതികൾ സ്ഥാപിക്കുമ്പോഴാണ് കേരളം ഏറെ പിന്നിൽ നിൽക്കുന്നത്. വെറും 986 മെഗാവാട്ടിന്റേത് മാത്രമാണ് കേരളത്തിൽ സൗരോർജ പദ്ധതിയുള്ളത്. കർണാടക (8241 മെഗാവാട്ട്), തമിഴ്നാട് (6736 മെഗാവാട്ട്), തെലങ്കാന (4666 മെഗാവാട്ട്), ആന്ധ്ര (4534 മെഗാവാട്ട്), രാജസ്ഥാൻ (17,055 മെഗാവാട്ട്), ഗുജറാത്ത് (9256 മെഗാവാട്ട്) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി. കെ.എസ്.ഇ.ബി വിചാരിച്ചാൽ 2030ൽ ആവശ്യമായതിന്റെ 50 ശതമാനം വൈദ്യുതി സോളാറിൽനിന്നാക്കി മാറ്റാമെന്നാണ് റെഗുലേറ്ററി കമീഷൻ നിരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.