പാലക്കാട്: സ്മാർട്ട് മീറ്ററുകൾ നടപ്പാക്കാൻ കേന്ദ്രം നിശ്ചയിച്ച സമയപരിധി തീരാറായ സാഹചര്യത്തിലും സോളാർ നെറ്റ് മീറ്ററുകളും ടി.ഒ.ഡി മീറ്ററുകളും വാങ്ങാൻ വേണ്ടി കെ.എസ്.ഇ.ബി ചെലവിടുന്നത് 35.7 കോടി രൂപ. 2.9 ലക്ഷം ടി.ഒ.ഡി മീറ്ററുകൾ വാങ്ങാൻ 20.68 കോടി രൂപയും സോളാർ നെറ്റ് മീറ്ററുകൾക്കായി 15 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്.
സോളാർ ഉൽപാദകർക്കും 250 യൂനിറ്റിൽ കൂടുതൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്കും ടി.ഒ.ഡി സംവിധാനമുള്ള സ്മാർട്ട് മീറ്റർ നിർബന്ധമായും സ്ഥാപിക്കേണ്ട സാഹചര്യത്തിൽ മാറ്റിസ്ഥാപിക്കപ്പെട്ട് ഉപയോഗശൂന്യമായിപ്പോകുന്നതാണ് നെറ്റ്-ടി.ഒ.ഡി മീറ്ററുകൾ. മാത്രമല്ല, ചുരുങ്ങിയത് ആറുവർഷ ഗാരന്റി വാഗ്ദാനം ചെയ്താണ് മാസവാടക പിരിച്ച് ഈ മീറ്ററുകൾ ഇപ്പോൾ സ്ഥാപിക്കുന്നതെന്ന വൈരുധ്യവുമുണ്ട്.
സ്മാർട്ട് മീറ്ററുകൾ നടപ്പാക്കാൻ കേന്ദ്രം അനുവദിച്ച സമയപരിധി കഴിയാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേ മൂന്നു ലക്ഷം സ്മാർട്ട് മീറ്ററുകൾക്കുള്ള ടെൻഡർ നടപടി മാത്രമാണ് പൂർത്തിയായത്. കേന്ദ്ര സർക്കാറിന്റെ 2025 മാർച്ച് 31ലെ നിർദേശമനുസരിച്ച് 2025 മാർച്ചിനകം കേരളത്തിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ച് പൂർത്തിയാക്കേണ്ടതുണ്ട്. ഈ തീയതിക്കുശേഷം കേടായ മീറ്ററുകൾപോലും മാറ്റിസ്ഥാപിക്കണമെങ്കിൽ സ്മാർട്ട് മീറ്റർ മാത്രമേ പാടുള്ളൂവെന്നാണ് നിർദേശം.
എ.എം.ഐ സ്മാർട്ട് മീറ്ററുകൾക്ക് മാസവാടക വാങ്ങാനും പാടില്ല. കേന്ദ്രസർക്കാറിന്റെ ഉപഭോക്താക്കളുടെ വൈദ്യുതി അവകാശ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് സംസ്ഥാനത്ത് പഴയ മീറ്ററുകൾ അടിച്ചേൽപിക്കുന്നതെന്ന് ആരോപണമുയരുകയാണ്.
ഡിസംബർ ആറിനാണ് 2024-25 വർഷം വാങ്ങാൻ ബാക്കിയുള്ള സോളാർ മീറ്ററിങ്ങിനുള്ള 21,500 സിംഗ്ൾ ഫേസ് മീറ്ററിനായി 1.47 കോടിയും നടപ്പുവർഷം സൗര-പി.എം സൂര്യഘർ പദ്ധതിക്കായുള്ള 55,000 സിംഗ്ൾ ഫേസ്, 45,000 ത്രീ ഫേസ് നെറ്റ് മീറ്ററുകൾ വാങ്ങാൻ യഥാക്രമം 1.47 കോടി, 13.55 കോടി രൂപ അനുവദിച്ചതായി ഉത്തരവിറങ്ങിയത്. 2024-2028 വർഷത്തേക്ക് 2,18,010 സിംഗ്ൾ ഫേസ് ടി.ഒ.ഡി മീറ്ററും 70,448 ത്രീ ഫേസ് മീറ്ററുമടക്കം വാങ്ങാൻ കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമീഷന് സമർപ്പിച്ച താരിഫ് പെറ്റീഷനിൽ 20.68 കോടി രൂപ ആവശ്യമാണെന്ന് ബോധിപ്പിച്ചിരുന്നു.
സ്മാർട്ട് മീറ്ററുകൾ വരുമ്പോൾ കോടികൾ മുടക്കിയുള്ള ടി.ഒ.ഡി മീറ്ററുകളുടെ ആവശ്യമെന്തെന്ന ചോദ്യത്തിന് കെ.എസ്.ഇ.ബി അധികൃതർക്ക് മറുപടിയില്ല. ഈ കോടികളുടെ ബാധ്യതകൂടി വൈദ്യുതി ഉപഭോക്താക്കൾക്ക് വൈദ്യുതി താരിഫായി എത്തുമെന്നതിലാണ് ആശങ്ക ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.