തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഉയർന്ന ശമ്പള സ്കെയിൽ സംബന്ധിച്ച വിമർശനങ്ങൾ ശരിവെക്കുന്ന വിവരാവകാശ രേഖ പുറത്ത്. എസ്.എസ്.എൽ.സി പാസാകാത്തവർക്കും ലക്ഷത്തിലേറെ രൂപ ശമ്പളം കിട്ടുന്നതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് നൽകിയ മറുപടിയിൽ കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
എസ്.എസ്.എൽ.സി പാസാകാത്ത എത്ര ഓവർസിയർമാർ സബ് എൻജിനീയർ ഗ്രേഡ് വാങ്ങുന്നവരുണ്ടെന്ന ചോദ്യത്തിന് 451 ഉദ്യോഗസ്ഥരുണ്ടെന്നാണ് കെ.എസ്.ഇ.ബി നൽകിയ മറുപടി. എല്ലാ അലവൻസുകളുമടക്കം പ്രതിമാസം 1,33,695 രൂപ ശമ്പളം ലഭിക്കുന്നവരുണ്ട്. എസ്.എസ്.എൽ.സി വിജയിക്കാത്ത സബ് എൻജിനീയറിലും ഉയർന്ന ഗ്രേഡ് വാങ്ങുന്ന 34 ഉദ്യോഗസ്ഥരുമുണ്ട്. ഇവരിലെ ഉയർന്ന ശമ്പളം 1,43,860 രൂപയാണ്. ഇവരിൽ 28 പേരുടെ അടിസ്ഥാന ശമ്പളം 85,400 രൂപയും ശമ്പള സ്കെയിൽ 49,900-85,400 രൂപയുമാണ്. രണ്ടുപേർ 1,03,800 രൂപയും (സ്കെയിൽ 59100-117400) നാലുപേർ 1,07,200 രൂപയും (സ്കെയിൽ 59,100-1,17,400) അടിസ്ഥാനശമ്പളം വാങ്ങുന്നു.
2024 സെപ്റ്റംബർ 30 വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം 1997 കോടിരൂപ കെ.എസ്.ഇ.ബിക്ക് കുടിശ്ശികയുണ്ട്. ജല അതോറിറ്റിയിൽ നിന്ന് 2023 ഒക്ടോബർ 31 വരെ കിട്ടാനുണ്ടായിരുന്ന തുക സർക്കാർ ഏറ്റെടുത്ത ശേഷമുള്ള ബാക്കിയാണിത്. 2024 സെപ്റ്റംബർ 30 വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം കെ.എസ്.ഇ.ബിയുടെ നഷ്ടം 9.2 കോടി രൂപയാണെന്ന് മറുപടിയിൽ പറയുന്നു.
കെ.എസ്.ഇ.ബിയുടെ സാമ്പത്തിക ബാധ്യതക്ക് ജീവനക്കാരുടെ ഉയർന്ന ശമ്പളവും കാരണമാണെന്ന വിമർശനമാണ് ഉപഭോക്തൃ സംഘടനകൾ ഉയർത്തുന്നത്. എന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാരെന്ന പരിഗണനയിലാണ് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ തുടരുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.