കെ.എസ്.ഇ.ബി അഴിമതി: എം.എം മണിയുടെ ബന്ധുക്കൾക്ക് ഭൂമി ലഭിച്ചതിന്‍റെ രേഖകളുണ്ടെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കെ.എസ്.ഇ.ബി അഴിമതി ആരോപണത്തിൽ മുൻ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.എസ്.ഇ.ബി ഭൂമി കൈമാറ്റത്തിലൂടെ മുൻ മന്ത്രി എം.എം മണിയുടെ ബന്ധുക്കൾക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശൻ ആരോപിച്ചു.

കെ.എസ്.ഇ.ബി പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്‍റെയോ സര്‍ക്കാറിന്‍റെയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്തത്. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സി.പി.എം സംഘങ്ങള്‍ക്കും നൂറ് കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈമാറിയത്. നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഉടന്‍ റദ്ദാക്കണം.

എം.എം മണിയുടെ മരുമകന്‍ പ്രസിഡന്‍റായ ബാങ്കിനും ഭൂമി കൈമാറിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. സര്‍ക്കാറിന്‍റെ ഭൂമി ബന്ധക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും കൊടുത്തതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. കെ.എസ്.ഇ.ബിക്ക് നൂറു കണക്കിന് കോടി രൂപ നഷ്ടമായതിനെ കുറിച്ചും നിയമവിരുദ്ധമായ ഭൂമി കൈമാറ്റത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും കെ.എസ്.ഇ.ബിക്ക് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്തിയതിന്‍റെ ഭാരം സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണം. കെ.എസ്.ഇ.ബിക്ക് ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഞ്ച് വര്‍ഷക്കാലമായി നടന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ്. അതിന് കേരളത്തിലെ ജനങ്ങളെ ഇരകളാക്കാന്‍ പാടില്ല.

ഈ സാഹചര്യത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം റെഗുലേറ്ററി കമീഷനില്‍ നിന്നും പിന്‍വലിക്കണം. കോവിഡ് മഹാമാരിയിലും അതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ബുദ്ധിമുട്ടിലായ സാധാരണക്കാരെ ഇനിയും പീഡിപ്പിക്കരുതെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാന്‍ ഡോ. ബി. അശോകിന്‍റെ പ്രധാന ആക്ഷേപം. 'കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടിൽ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് മുൻ ഇടത് സർക്കാറിന്‍റെ കാലത്ത് ബോർഡിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് ചെയർമാൻ വെളുപ്പെടുത്തിയത്.

സർക്കാറിന്‍റെ മുൻകൂർ അനുമതി തേടാതെയാണ് 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്‍റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി. വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയുടെ നിർദേശം അനുസരിച്ചാണ്. അതിനെ പൊലീസ് രാജ് എന്ന് കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയർമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു.

ബോർഡിൽ നടന്ന ഏതാനും കൊള്ളരുതായ്മകളെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ബോർഡിന്‍റെ ഔദ്യോഗിക വാഹനം ഉപയോഗിയ്ക്കാൻ തീരെ അർഹതയില്ലാത്ത ഒരു അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരക്കണക്കിന് കിലോമീറ്റർ വീട്ടിൽ പോയി ബോർഡ് ലോഗ് ബുക്കിൽ രേഖപ്പെടുത്തി തന്നെ വർഷങ്ങളോളം ഓടി. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡ് അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നൽകാൻ അനുമതി നൽകിയത്? നൂറു കണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വാണിജ്യ പാട്ടത്തിന് നൽകിക്കളഞ്ഞത്? കമ്പനിയുടെ ഉത്തമ താൽപര്യമാണോ ഇതൊക്കെ? ഇതിൽ നമുക്കുറപ്പുണ്ടോ? എനിക്കത്ര ഉറപ്പു പോരാ!

ചട്ടവിരുദ്ധമായ നിലപാട് ഫയലിൽ എഴുതിച്ചേർത്ത ശേഷം "ഒപ്പിടെടാ" എന്നാക്രോശിക്കപ്പെട്ടപ്പോൾ വാവിട്ട് കരഞ്ഞു കൊണ്ട് സാധുവായ ഒരു ചീഫ് എഞ്ചിനീയർ സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെട്ടത് നമ്മളോർക്കണ്ടേ? ഇപ്പോഴും ആ അനുഭവം പറയുമ്പോൾ പോലും ആ സാധു വിങ്ങിപ്പൊട്ടുന്നത്? നല്ല കോർപ്പറേറ്റ് പ്രാക്ടീസിന്‍റെ ഉദാഹരണമാണോ ഇതൊക്കെ? ഇതിൽ എന്താണ് കെ.എസ്.ഇ.ബി. യുടെ 'കോർ ബിസിനസ്'? ലിസ്റ്റ് ഇവിടെ തീരുന്നില്ല. ഇത് തീരെ ചെറിയ ഉദാഹരണങ്ങൾ മാത്രം.' -ഡോ. ബി. അശോക് ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

Tags:    
News Summary - KSEB scam: VD Satheesan says MM Mani's relatives have documents on land acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.