വൈത്തിരി: കെ.എസ്.എഫ്.ഇയുടെ വൈത്തിരി ശാഖയിൽ 60 ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പു നടന്നിട്ട് രണ്ടര വർഷമായിട്ടും കേസ് എങ്ങുമെത്തിയില്ല. ഉപഭോക്താക്കളിൽനിന്നും മാസാമാസം ശേഖരിക്കുന്ന തുക സ്ഥാപനത്തിൽ അടക്കാതെയാണ് കലക്ഷൻ ഏജന്റായ തളിപ്പുഴ സ്വദേശി ഫെബിൻ ഷാ തട്ടിപ്പു നടത്തിയത്. വഞ്ചിക്കപ്പെട്ട ഉപഭോക്താവ് നൽകിയ കേസിൽ ഇയാളെ ഒരു വർഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ജാമ്യത്തിലിറങ്ങി സ്ഥലം വിട്ടിരിക്കുകയാണ്.
ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും സ്ഥാപനം പൊലീസിൽ പരാതി നൽകിയതല്ലാതെ സ്വന്തം നിലക്ക് കേസ് നടത്താൻ പോലും തയാറായില്ല. ഉപഭോക്താക്കളിൽ പലർക്കും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്. 12 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടവരുമുണ്ട്. വർഷത്തോളം നീണ്ട ക്രമക്കേടിൽ ഭീമമായ സംഖ്യയുടെ തട്ടിപ്പ് നടന്നിട്ടും സ്ഥാപനത്തിന്റെ മാനേജർമാരോ മറ്റു ജീവനക്കാരോ അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. എന്നാൽ, ജീവനക്കാരുടെ ഒത്താശയില്ലാതെ ഇത്രയും ഭീമമായ സംഖ്യ ഒരു കലക്ഷൻ ഏജന്റിന് മാത്രമായി തട്ടിയെടുക്കാൻ കഴിയില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
രസീത് ആവശ്യപ്പെട്ടവർക്ക് കെ.എസ്.എഫ്.ഇയുടെ രസീതിൽ കൈകൊണ്ടെഴുതിയാണ് നൽകിയിരുന്നത്. സ്ഥാപനത്തിന്റെ ബ്ലാങ്ക് രസീത് കലക്ഷൻ ഏജന്റിന്റെ കൈയിലെങ്ങനെ വന്നു എന്നതിനും മറുപടിയില്ല. തട്ടിപ്പു കണ്ടെത്തിയിട്ടുപ്പോലും കലക്ഷൻ ഏജന്റിന്റെ തിരിമറിയെക്കുറിച്ചു യാതൊരു വിവരവും സ്ഥാപനം ഇടപാടുകാർക്ക് നൽകിയില്ല. തുടർന്നും തട്ടിപ്പുമായി മുന്നോട്ടു പോകുന്നതിനു ഇത് സഹായകമായി. 15 തവണ അടവ് തെറ്റിയിട്ടും അന്ന് സ്ഥാപനത്തിൽനിന്നും ഒരു മെസേജ് പോലും ഇടപാടുകാർക്ക് അയച്ചില്ല എന്നതും ദുരൂഹതയുയർത്തുന്നു.
കെ.എസ്.എഫ്.ഇയുടെ ഹെഡ് ഓഫിസിൽനിന്നും റീജനൽ ഓഫിസിൽ നിന്നും അതോടൊപ്പം കെ.എസ്.എഫ്.ഇ വിജിലൻസും തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല.അതേസമയം, തട്ടിപ്പിനിരയായി അടവ് തെറ്റിയവർക്കും അടവുകൾ വൈകി അടച്ചവർക്കും ഇപ്പോൾ കെ.എസ്.എഫ്.ഇ ഓഫിസിൽ നിന്നും റവന്യൂറിക്കവറി നോട്ടീസ് അയച്ചിരിക്കുകകയാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിൽ മാസതവണ വരവ് വെക്കാത്തതിനെ തുടർന്ന് കുടിശ്ശികയായ തുക തുടർന്ന് അടച്ചപ്പോൾ ഡിവിഡന്റ് കുറക്കാതെയാണ് ചിട്ടി പണം സ്വീകരിച്ചത്. ഇതുവഴി കെ.എസ്.എഫ്.ഇ ലക്ഷക്കണക്കിന് രൂപയുടെ ആദായമാണുണ്ടാക്കിയത്. തട്ടിപ്പിനിരയായ ഇടപാടുകാർ കേസ് കോടതിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും അന്വേഷണം വേണമെന്നാണ് ഇടപാടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.