കോട്ടയം: സർവിസ് നടത്താതെ വിവിധ ഡിപ്പോകളിൽ കിടക്കുന്ന മുഴുവൻ ബസും തിരികെ കൊണ്ടുപോകുന്ന നടപടി ശക്തമാക്കി കെ.എസ്.ആർ.ടി.സി. വിവിധ ഡിപ്പോയിലായി കുറഞ്ഞത് 800ലധികം ബസിലെങ്കിലും സർവിസ് നടത്താതെ കിടക്കുന്നുണ്ടെന്നാണ് കോർപറേഷെൻറ കണക്ക്. ഇത് തിരികെയെടുത്ത് ബസുകൾ ആവശ്യമുള്ള ഡിപ്പോകൾക്ക് നൽകുമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ലാഭകരമല്ലാത്ത സർവിസുകൾ േമലിൽ നടത്തേണ്ടതില്ലെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്നാണ് പുറത്തുവരുന്ന വിവരം.
ജീവനക്കാരുടെ സംഘടനകളും ഇത് ശരിവെക്കുന്നു. എന്നാൽ, ഈ ആരോപണം കോർപറേഷൻ ഉന്നതർ നിഷേധിക്കുകയാണ്. കോർപറേഷെൻറ ഡിപ്പോകളിലും റീജനൽ വർക്ഷോപ്പുകളിലുമായി നൂറുകണക്കിന് ബസുകൾ സർവിസ് നടത്താതെ കിടപ്പുണ്ട്. ചിലത് ഉപയോഗിക്കാനാവാത്തതുമാണ്. വിവിധ ഡിപ്പോയിലായി 10 മുതൽ 15 ബസുകൾ വരെ ഒാടുന്നില്ലെന്നും കോർപറേഷൻ ചൂണ്ടിക്കാട്ടുന്നു.
ദീർഘദൂര സർവിസുകൾക്കടക്കം ഉപയോഗിക്കാൻ പലയിടത്തും സ്പെയർ ബസുകളുമുണ്ട്. ഇതിൽ നെല്ലാരുപങ്കും സർവിസ് നടത്താനാവാതെ കട്ടപ്പുറത്താണ്. ഇതിനെല്ലാം ബാറ്ററികളും സ്പെയർ പാർട്ടുകളും വാങ്ങാനും ഇൻഷുറൻസ് അടക്കാനും നല്ലൊരു തുക വേണ്ടിവരുന്നതും ഭീമനഷ്ടത്തിന് ഇടയാക്കുന്നുണ്ട്. ബസുകൾ തിരികെയെടുക്കാൻ ഇതും കാരണമാണെന്ന് കെ.എസ്.ആർ.ടി.സി ഓപറേഷൻസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. തിരികെയെടുത്ത ബസുകൾക്ക് പകരം ആവശ്യമെങ്കിൽ സർവിസ് യോഗ്യമായ ബസുകൾ എത്തിക്കുമെന്നും തിരികെയെടുക്കുന്ന നടപടി തുടരുമെന്നും ഓപറേഷൻസ് വിഭാഗത്തിലെ ഉന്നതർ 'മാധ്യമ'ത്തോട് പറഞ്ഞു. പുതിയ സർവിസുകൾ അനുവദിക്കുമ്പോഴും അറ്റകുറ്റപ്പണിക്ക് സർവിസിലുള്ള ബസുകൾ മാറ്റുമ്പോഴും ആവശ്യമായ ബസുകൾ അതത് ഡിപ്പോകൾക്ക് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
കോട്ടയത്തെ വിവിധ ഡിപ്പോകളിൽ കഴിഞ്ഞ ദിവസങ്ങളിലായി 95 ബസ് തിരികെ കൊണ്ടുപോയിരുന്നു. ഏറ്റവും കൂടുതൽ ബസുകൾ തിരികെയെടുത്തത് ഈരാറ്റുപേട്ട ഡിപ്പോയിൽനിന്നാണ് _-20 എണ്ണം. അറ്റകുറ്റപ്പണിക്കും മറ്റുമായാണ് തിരികെ കൊണ്ടുപോയതെന്നാണ് കെ.എസ്.ആർ.ടി.സി നൽകിയിരിക്കുന്ന വിശദീകരണം. അതേസമയം, ബസ് തിരിച്ചെടുക്കൽ ലോക്ഡൗണിനുശേഷം ദീർഘദൂര സർവിസുകളെ പ്രതിസന്ധിയിലാക്കുമെന്ന് ഡിപ്പോ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.