മൈസൂരു: മൈസൂരുവിന് സമീപം ഡിവൈഡറിൽ തട്ടി തലകീഴായി മറിഞ്ഞ കേരള ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസിൽ നിന്ന് യാത്രക്കാരുടെ സാധനങ്ങൾ കവർന്നുവെന്ന പ്രചാരണം തെറ്റെന്ന് ബസ് ജീവനക്കാർ. ഇന്നലെ പുലർച്ച നാലുമണിയോടെ നടന്ന അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു.
രക്ഷാപ്രവർത്തനത്തിന് എത്തിയവർ സാധനങ്ങൾ മോഷ്ടിച്ചുവെന്നാണ് പ്രചാരണം നടന്നത്. എന്നാൽ, ബസിലുണ്ടായിരുന്ന 37 യാത്രക്കാരിൽ ആർക്കും ഒന്നും നഷ്ടമായിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.
കോട്ടയത്തുനിന്ന് തൃശൂർ-നിലമ്പൂർ വഴി ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരുവിന് 30 കിലോമീറ്റർ അകലെ നഞ്ചൻകോടിന് സമീപമാണ് മറിഞ്ഞത്. ബസ്ജീവനക്കാരായ കെ.കെ. ജുബിൻ, അനസ്, യാത്രക്കാരായ നിലമ്പൂർ സ്വദേശികളായ മുഹമ്മദ് യാസീൻ (26), ആൻമരിയ (25), താഹിർ, മലപ്പുറം സ്വദേശി ബിനിജോൺ, രാജേഷ് എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റവരെ നഞ്ചൻകോടിലെ ആശുപത്രികളിലേക്ക് മാറ്റി.
രാജേഷ്, ബിനി ജോൺ എന്നിവരെ പിന്നീട് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികളടക്കം 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.