കൊച്ചി: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര പാസ് കൂടുതൽ ഭിന്നശേഷി വിഭാഗങ്ങൾക്കുകൂടി അനുവദിച്ചു. 1995ലെ പി.ഡബ്ല്യു.ഡി ആക്ട് പ്രകാരം അന്ധത, കാഴ്ചക്കുറവ്, കുഷ്ഠം ഭേദമായവർ, ബധിരത, ചലനശേഷിയില്ലായ്മ, ബുദ്ധിമാന്ദ്യം, മാനസികരോഗം എന്നിവ നേരിടുന്നവർക്കായിരുന്നു യാത്ര പാസ് അനുവദിച്ചിരുന്നത്.
എന്നാൽ, 17 വിഭാഗം ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറാണ് പുതിയ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, വളർച്ച മുരടിപ്പ് (ഡ്വാർഫിസം), ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, മസ്കുലർ ഡിസ്ട്രോഫി, ഗുരുതര നാഡീവ്യൂഹ തകരാറുകൾ, പ്രത്യേക പഠന വൈകല്യങ്ങൾ, മൾട്ടിപ്ൾ സ്ക്ലീറോസിസ്, സംസാര, ഭാഷ വൈകല്യങ്ങൾ, തലാസീമിയ, ഹീമോഫീലിയ, സിക്ക്ൾ സെൽ അസുഖം, അന്ധ-ബധിരത ഉൾപ്പെടെ ബഹുമുഖ വൈകല്യങ്ങൾ, ആസിഡ് ആക്രമണത്തിന് ഇരയായവർ, പാർകിൻസൺസ് രോഗം എന്നിവയുള്ളവർക്കാണ് 50 ശതമാനം യാത്രനിരക്കിൽ ഇളവുള്ളത്. 40 ശതമാനം ഇത്തരം ബുദ്ധിമുട്ടുള്ളവർക്ക് നിരക്കിളവിന് അർഹതയുണ്ട്.
സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച് പഞ്ചാപകേശന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2016ലെ ആർ.പി.ഡബ്ല്യു.ഡി ആക്ട് (റൈറ്റ് ടു പേഴ്സൻസ് വിത്ത് ഡിസെബിലിറ്റീസ് ബിൽ) പ്രകാരം കൂടുതൽ വിഭാഗങ്ങളെ ഈ ആനുകൂല്യത്തിന് അർഹരാക്കിയത്. ഇതുപ്രകാരം കെ.എസ്.ആർ.ടി.സിയുടെ സിറ്റി, ഓർഡിനറി, സിറ്റി ഫാസ്റ്റ്/ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 40 കി.മീ. വരെ ദൂരത്തിൽ പകുതി നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ, സ്വന്തം നാട്ടിൽനിന്ന് 40 കി.മീ. ദൂരത്തേക്കാണ് നിരക്കിളവ് ലഭിക്കുകയെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.