തിരുവനന്തപുരം: ദേശസാത്കൃത റൂട്ടുകളിൽ സ്കീം തയാറാക്കുന്നതിൽ വീഴ്ചവരുത്തിയതിനു പിന്നാലെ, കേസ് നടത്തിപ്പിലും സർക്കാറിന് കാലിടറിയതോടെ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ ഗുരുതര ഭീഷണിയിൽ. ദീര്‍ഘദൂര റോഡുകളിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രം സർക്കാർ നൽകിയിരുന്ന സർവിസ് അധികാരം ഹൈകോടതി റദ്ദാക്കിയതാണ് കടുത്ത പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. സ്കീം തയാറാക്കുന്നതിൽ ഗതാഗത വകുപ്പിനുണ്ടായ പാളിച്ചയാണ് കോടതി നടപടികൾക്ക് കാരണം.
അനുകൂലമായി മുമ്പ് ലഭിച്ച സുപ്രീംകോടതി ഉത്തരവുകളടക്കം കോടതിയിൽ ചൂണ്ടിക്കാട്ടുന്നതിൽ സർക്കാർ പരാജയപ്പെടുകയും ചെയ്തു. 31 സംരക്ഷിത റൂട്ടുകളിലെ 1700 സൂപ്പര്‍ക്ലാസ് സര്‍വിസുകളില്‍ നിന്നുള്ള വരുമാനമാണ് കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക നട്ടെല്ല്. ഈ വരുമാനം ഉപയോഗിച്ചാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ സർവിസുകൾ നടത്തുന്നതും. കോടതിവിധിയോടെ, കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള സുപ്രധാനമായ 31 റൂട്ടുകളിൽ സ്വകാര്യ ബസുകൾക്കും എത്ര കിലോമീറ്ററും ഓടാനുള്ള അനുമതിയാണ് ലഭിക്കുക. സുപ്രീംകോടതി ഉത്തരവനുസരിച്ച് കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത 241 റൂട്ടുകളിലേക്ക് തിരിച്ചെത്താനും സ്വകാര്യ ബസുകൾക്ക് സാധിക്കും. ദീർഘദൂര സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അടുത്തിടെ നിരവധി പ്രീമിയം ബസുകള്‍ ഇറക്കിയിരുന്നു. 60 സൂപ്പർഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറും എട്ട് എ.സി സ്ലീപ്പറും 10 സ്ലീപ്പർ കം സീറ്ററും എട്ട് സെമി സ്ലീപ്പറുമടക്കം വാങ്ങാൻ ഓർഡർ നൽകുക കൂടി ചെയ്തിരിക്കെയാണ് ഈ പ്രഹരം.
പൊതുമേഖലക്ക് മുന്‍ഗണന നല്കാന് സര്‍ക്കാറിന് വിവേചനാധികാരമുണ്ടെന്ന നിലപാടിന് സുപ്രീംകോടതി അംഗീകാരം നൽകിയെങ്കിലും ഇതനുസരിച്ച് കുറ്റമറ്റ സ്കീം തയാറാക്കാൻ 15 വർഷമായിട്ടും ഗതാഗത വകുപ്പിന് കഴിഞ്ഞില്ല. എന്നാൽ, പുതിയ സ്കീമിന്റെ മറവില്‍ സ്വകാര്യബസുകള്‍ക്ക് അനുകൂല വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താൻ നീക്കം നടക്കുന്നെന്നും ആക്ഷേപമുണ്ട്.
തുടക്കം മുതൽ വീഴ്ച
1980 മുതൽ തുടങ്ങി വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ദീർഘദൂര പെർമിറ്റുകളും സൂപ്പർ ക്ലാസ് പെർമിറ്റുകളും കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തി കോടതി ഉത്തരവ് ലഭിച്ചത്. കോവിഡ് ലോക്ഡൗണ്‍ വേളയില്‍ പരാതിക്കാരായ സ്വകാര്യ ബസുകാരെ കേട്ടെങ്കിലും ഒരോരുത്തര്‍ക്കും മറുപടി നല്‍കാത്തതായിരുന്നു സർക്കാറിന്റെ ആദ്യവീഴ്ച.
ഒരു വര്‍ഷത്തിനുള്ളില്‍ സ്കീം നടപടി പൂര്‍ത്തിയാക്കണമെന്നതും നടപ്പായില്ല. ഇക്കാര്യങ്ങളിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി കെ.എസ്.ആർ.ടി.സിക്കുണ്ട്. ഓരോ ബസുകാർക്കും പ്രത്യേകം മറുപടി നല്‍കേണ്ടെന്നും നിശ്ചിത സമയത്തിനുള്ളില്‍ നടപടി പൂര്ത്തീകരിക്കണമെന്നില്ലെന്നുമായിരുന്നു ഇത്. ഇക്കാര്യങ്ങൾ കോടതിയില്‍ അവതരിപ്പിക്കാനായില്ല. മന്ത്രിമാര്‍ മാറുന്നതനുസരിച്ച് കോടതിയിലെ നിലപാട് മാറിയതും തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.