മലപ്പുറം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയനെപ്പോലെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാവില്ലെന്ന് ഇടത് എം.എൽ.എ കെ.ടി. ജലീൽ. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടിച്ചുകീറാൻ നോക്കിയിട്ടും അദ്ദേഹം അജയ്യനായി നിൽക്കുന്നു. പിണറായിയുടെ നേരിന്റെയും നെറിയുടെയും വികസന കാഴ്ചപ്പാടിന്റെയും യഥാർത്ഥ ചിത്രം തന്റെ ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിൽ ഒരു തലക്കെട്ടിനു കീഴിൽ വിശകലനം ചെയ്യുന്നുണ്ടെന്നും ജലീൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമായ പരേതനായ കൊരമ്പയിൽ അഹമ്മദ് ഹാജിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ പരേതനായ കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം സമർപ്പിക്കുന്നത്. ‘തന്നെ അത്യാവശ്യം ഭേദപ്പെട്ട പൊതുപ്രവർത്തകനാക്കിയത് മുൻ ഡെപ്യൂട്ടി സ്പീക്കറും മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമായ യശശരീരനായ കൊരമ്പയിൽ അഹമ്മദാജിയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിൽ എനിക്ക് തണലായത് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഹൃദയം ചേർന്നു നിൽക്കാൻ കോടിയേരിയുടെ സ്നേഹമസൃണമായ സമീപനം ഏറെ സഹായിച്ചു. ഇരുവരുമായുള്ള സാമീപ്യം എനിക്കു നൽകിയ അനുഭവ സമ്പത്ത് അമൂല്ല്യമാണ്. മായം ചേർക്കാത്ത മതേതര രാഷ്ട്രീയം ജീവിതാന്ത്യംവരെ ഉയർത്തിപ്പിടിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ കൊരമ്പയിലിനും മതനിരപേക്ഷതയുടെ ജീവസ്സുറ്റ പ്രതീകവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൗമ്യ മുഖവുമായിരുന്ന കോടിയേരിക്കുമാണ് ഈ പുസ്തകം സമർപ്പിക്കുന്നത്’ -ജലീൽ വ്യക്തമാക്കി.
ബ്രിട്ടീഷുകാരനായ റിച്ചാർഡ് ആറ്റൻബറോയുടെ "ഗാന്ധി" സിനിമ ഇറങ്ങിയതിന് ശേഷമാണ് ലോകം മഹാത്മാഗാന്ധിയെ അറിയാൻ തുടങ്ങിയത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ വീണ്ടും ഗാന്ധിജിയെ അറിയാൽ ശ്രമിച്ചതായി ജലീൽ പറയുന്നു. വായിച്ചാലും വായിച്ചാലും തീരാത്ത ഒരു വിശിഷ്ട ഗ്രന്ഥമാണ് ഗാന്ധിജിയുടെ ജീവിതം. മതപുരോഹിതർ പോലും പറഞ്ഞതിന് വിരുദ്ധമായി ജീവിക്കുന്ന ചുറ്റുപാടിലാണ് മോഹൻദാസ് എന്ന സാധാരണക്കാരനായ ഒരു ബാരിസ്റ്റർ വാക്കുകളെ പ്രവൃത്തി കൊണ്ട് പകരംവെച്ചത്. മനുഷ്യപക്ഷമാണ് ഗാന്ധിജി എന്നും തെരഞ്ഞെടുത്തത്. വെറുപ്പിനെ സ്നേഹം കൊണ്ട് കീഴടക്കിയ അർധനഗ്നനായ ഫക്കീർ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തി. ഈ പുസ്തകം തുടങ്ങുന്നത് "സ്വർഗസ്ഥനായ ഗാന്ധിജി" എന്ന അദ്ധ്യായത്തോടു കൂടിയാണ്. ആരംഭത്തിലെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി സ്വീകരിച്ചത്. ഒരു മഹാസമുദ്രത്തെ കൊച്ചരുവിയാക്കാൻ നടത്തിയ പാഴ്ശ്രമം ഫലവത്തായോ എന്നുപറയേണ്ടത് വായനക്കാരാണ്! ഉദ്ദേശം അൻപത് പേജുകളിൽ ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതം പറയാൻ നടത്തിയ ഉദ്യമം വൃഥാവിലാണെന്ന് അറിയാഞ്ഞിട്ടല്ല -ജലീൽ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.