കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് (ഇ.ഡി) മുന്നിൽ സ്വത്ത് വിവരം വെളിപ്പെടുത്തി മന്ത്രി കെടി ജലീൽ. ഒരുതരി സ്വർണംപോലും വീട്ടിലില്ലെന്നും നാലര ലക്ഷം രൂപയാണ് സ്വന്തം സമ്പാദ്യമെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനോട് കെ.ടി. ജലീൽ പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായാണ് ജലീലിനോട് സ്വത്തുവിവരങ്ങൾ സമർപ്പിക്കാൻ ഇ.ഡി ആവശ്യപ്പെട്ടത്. സമീപകാലത്ത് മന്ത്രിയുടെ സ്വത്തിൽ വർധനയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്.
നേരത്തെ ചോദ്യം ചെയ്യലിനിടെ സ്വത്ത് സംബന്ധിച്ച കാര്യങ്ങൾ ജലീൽ വിശദീകരിച്ചിരുന്നു. തുടർന്ന് ഇ.ഡി നിർദേശിച്ചതുപ്രകാരം വിവരങ്ങൾ രേഖാമൂലം സമർപ്പിക്കുകയായിരുന്നു. ആകെയുള്ളത് 19.5 സെൻറ് സ്ഥലവും വീടുമാണെന്നാണ് രേഖകളിൽ വ്യക്തമാക്കിയിട്ടുള്ളത്. അധ്യാപികയായ ഭാര്യയുടെ 27 വർഷത്തെ ശമ്പളത്തിൽനിന്നുള്ള സമ്പാദ്യമായി 22 ലക്ഷവുമുണ്ട്. മകൾക്ക് 36,000 രൂപയും മകന് 500 രൂപയുമാണ് ബാങ്ക് ബാലൻസ്. ഭാര്യയും മക്കളും സ്വർണം ധരിക്കുന്നവരല്ല. കനറാ ബാങ്ക് വളാഞ്ചേരി ശാഖയിൽനിന്ന് അഞ്ചുലക്ഷം രൂപ ഭവനവായ്പ എടുത്തിട്ടുണ്ട്. ഇതിൽ ഒന്നര ലക്ഷം തിരിച്ചടക്കാനുണ്ട്.
മലപ്പുറം ജില്ലയിലെ രണ്ട് സഹകരണ സംഘത്തിലായി 5000 രൂപയുടെ ഓഹരികളുണ്ട്. ഒന്നര ലക്ഷം രൂപയിൽ താഴെ വിലയുള്ള ഫർണിച്ചറും 1500 പുസ്തകങ്ങളും വീട്ടിലുണ്ട്. നാലര വർഷത്തിനിടെ ആറുതവണ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. രണ്ടുതവണ യു.എ.ഇയും റഷ്യ, അമേരിക്ക, മാലദ്വീപ്, ഖത്തർ രാജ്യങ്ങൾ ഒരുതവണ വീതവും സന്ദർശിച്ചെന്ന് ജലീൽ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.