തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി. ജലീല്‍ പല കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടത് പ്രോട്ടോകോൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. സംസ്ഥാന മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ലംഘിച്ച ജലീല്‍ 2018നുശേഷം നിരവധി സ്വകാര്യ സന്ദര്‍ശനങ്ങള്‍ കോണ്‍സുലേറ്റില്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാറോ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഇത്തരത്തിൽ ചട്ടലംഘനം നടത്തിയാൽ ഇതുസംബന്ധിച്ച കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. അതിനാലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് എൻ.ഐ.എ, കസ്റ്റംസ്, ഇൻറലിജൻസ് ബ്യൂറോ എന്നിവർ അവർക്ക് കൈമാറിയത്.
നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനത്തിെൻറ വാഹനത്തില്‍ അത് വിതരണം ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നയതന്ത്ര ഓഫിസുമായി സംസ്ഥാന സർക്കാറിന് ബന്ധം സ്ഥാപിക്കുന്നതിനുള്ള ഇടനിലക്കാരനായി പ്രവർത്തിക്കേണ്ട പ്രോട്ടോകോള്‍ ഓഫിസറെ ഒഴിവാക്കിയാണ് ജലീല്‍ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്. കോൺസൽ ജനറൽ ഉൾപ്പെടെയുള്ളവരുമായി ഒരു നിയന്ത്രണവുമില്ലാതെ മന്ത്രി അടുത്തിടപഴകി. സ്വകാര്യ പരിപാടികളിൽ ഉൾപ്പെടെ മന്ത്രി കോൺസുലേറ്റുമായി ബന്ധപ്പെട്ട് പോയിട്ടുണ്ടെന്നും ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
മന്ത്രി കെ.ടി. ജലീലിെൻറ കൂടുതൽ ഇടപെടലുകളും ഇവർ പരിശോധിക്കുന്നുണ്ട്. ഗുരുതര ചട്ടലംഘനമാണ് റമദാൻ കിറ്റ് വിതരണം, മതഗ്രന്ഥങ്ങൾ കൊണ്ടുപോയതുൾപ്പെടെ കാര്യങ്ങളിലുണ്ടായതെന്നാണ് വിലയിരുത്തൽ. മന്ത്രിക്കെതിരെയും കൂടുതൽ തെളിവുകള്‍ ശേഖരിക്കുന്നതിെൻറ ഭാഗമായാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയത്.
തൽക്കാലം കോൺസൽ ജനറലുമായി ബന്ധപ്പെട്ട് അന്വേഷണമോ നടപടികളോ വേണ്ടെന്നാണ് അന്വേഷണ സംഘങ്ങളുടെ തീരുമാനം. എന്നാൽ കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരും. മതഗ്രന്ഥം ഉള്‍പ്പെടെ പാഴ്സലുകള്‍ എത്തിയ തീയതികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.