അൻവറിനൊപ്പമോ സി.പി.എമ്മിനൊപ്പമോയെന്ന് ഒക്ടോബർ രണ്ടിന് വെളിപ്പെടുത്തും, പൊതുസമൂഹത്തോട് അക്കാര്യം പറയേണ്ടതുണ്ട് -കെ.ടി ജലീൽ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന പി.വി അൻവർ എം.എൽ.എക്കൊപ്പമാണോ സി.പി.എമ്മിനൊപ്പമാണോ എന്ന കാര്യം ഒക്ടോബർ രണ്ടിന് വെളിപ്പെടുത്തുമെന്നും അക്കാര്യം കേരളീയ പൊതുസമൂഹത്തോട് പറയേണ്ടതുണ്ടെന്നും കെ.ടി ജലീൽ എം.എൽ.എ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജലീലിന്റെ പ്രതികരണം.

പൊലീസിലെ ചില ഉന്ന​തർക്കെതിരെ അൻവർ തുടക്കത്തിൽ ഉന്നയിച്ച ചില കാര്യങ്ങളുണ്ട്. അതിൽ പാർട്ടിയും സർക്കാറും അദ്ദേഹ​ത്തിന്റെ കൂടെനിന്നു എന്നാണ് മനസ്സിലാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സൂപ്രണ്ടിനെ സസ്പപെൻഡ് ചെയ്യുകയും മറ്റൊരാളെ സ്ഥലം മാറ്റുകയും ചെയ്തത്. എ.ഡി.ജി.പി അജിത് കുമാറിനെതിരെ വരെ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളോട് എനിക്ക് യോജിപ്പാണുണ്ടായിരുന്നത്. അതിനപ്പുറത്തേക്കുള്ള വിഷയങ്ങളിൽ ഒക്ടോബർ രണ്ടിന് തന്റെ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തക പ്രകാശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കും. അൻവർ വാർത്ത സമ്മേളനം നടത്തുന്നതിന് മുമ്പ് ആശയവിനിമയം നടത്തിയിരുന്നോ എന്ന കാര്യം കോൺഫിഡൻഷ്യലാണെന്നും വെളിപ്പെടുത്താൻ പറ്റില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.

‘പൊലീസിലെ ചില ഉന്ന​തർക്കെതിരായി അൻവർ ആരംഭഘട്ടത്തിൽ ഉന്നയിച്ച ചില കാര്യങ്ങളുണ്ട്. ആ കാര്യങ്ങളിൽ പാർട്ടിയും അദ്ദേഹ​ത്തിന്റെ കൂടെനിന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സർക്കാറും അനുകൂലമായ നിലപാട് സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സൂപ്രണ്ടിനെ സസ്പപെൻഡ് ചെയ്തത്, മറ്റൊരാളെ സ്ഥലം മാറ്റി. എ.ഡി.ജി.പിക്കെതിരെ അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ സംബന്ധിച്ച് സമ​ഗ്രമായി അന്വേഷിക്കുന്നതിന് വേണ്ടി ഒരു സ്​പെഷൽ ടീമിനെ ഏർപ്പെടുത്തി. അങ്ങനെയൊക്കെയുള്ള നീക്കങ്ങൾ അതുമായി ബന്ധപ്പെട്ട് നടന്നു.

എ.ഡി.ജി.പി അജിത് കുമാറിനെതിരെ വരെ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളോട് എനിക്ക് യോജിപ്പാണുണ്ടായിരുന്നത്. അദ്ദേഹം അഭ്യർഥിച്ചിട്ടല്ല യോജിപ്പ് അറിയിച്ചത്. അദ്ദേഹം എന്നോട് പിന്തുണ ചോദിച്ചിട്ടുമില്ല. അതിനപ്പുറത്തേക്കുള്ള വിഷയങ്ങളിൽ ഒക്ടോബർ രണ്ടിന് മാധ്യമങ്ങളോട് സംസാരിക്കും. എ.ഡി.ജി.പിക്ക് മുകളിലുള്ളവർക്കെതിരെ നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട നിലപാട് അന്ന് എന്റെ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തക റിലീസിങ് സമയത്ത് പറയും. പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ ഞാൻ ചില കാര്യങ്ങൾ പറയുന്നുണ്ട്. ആ കാര്യങ്ങൾ വന്നതിന് ശേഷം അഭിപ്രായം പറയുകയാവും നന്നാവുക’ -ജലീൽ പറഞ്ഞു.

ഞങ്ങളുടെ ആരുടെയും പിന്തുണ അൻവർ തേടിയിട്ടില്ല. എന്നാൽ, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ചില കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ ഭൂരിപക്ഷം കാര്യങ്ങളും ഞങ്ങൾ സംസാരിച്ചിട്ടുള്ളതല്ല. ഇതിനെ സംബന്ധിച്ചൊക്കെയുള്ള എന്റെ ബോധ്യങ്ങൾ ഒക്ടോബർ രണ്ടിന് ശേഷം പറയും.

രാജ്യത്തെ എല്ലാ ​പൊലീസ് സംവിധാനങ്ങളെയും തങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ബി.ജെ.പി ശ്രമിക്കുകയാണ്. അതിനവർ ഗവർണർമാരെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആർ.എസ്.എസിന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ശാഖകളുള്ളതും സുസംഘടിതമായി പ്രവർത്തിക്കുന്നതും കേരളത്തിലാണ്. അങ്ങനെയൊരു സ്ഥലത്ത് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ വ്യക്തിപരമായി പോയി കാണാൻ പാടില്ല. വിവാദത്തിൽ അൻവറിനൊപ്പമാണോ സി.പി.എമ്മിനൊപ്പമാണോ എന്ന കാര്യവും അൻവർ എടുക്കുന്ന ഭാവി രാഷ്ട്രീയ തീരുമാനങ്ങളിൽ അദ്ദേഹത്തിനൊപ്പമാണോ എന്നതും ഒക്ടോബർ രണ്ടിന് വ്യക്തമായി പറയും. കേരളീയ പൊതുസമൂഹത്തോട് അക്കാര്യം പറയേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. പി.വി അൻവറിനെ മാത്രമല്ല, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മന്ത്രി അബ്ദുറഹ്മാനെയും പിന്തുണച്ച് നേരത്തെ രംഗത്തുവന്നിട്ടുണ്ട്. ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ കൊടുക്കുന്നത്. അൻവർ വാർത്ത സമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ആശയവിനിമയം നടത്തിയിരുന്നോ എന്ന കാര്യം കോൺഫിഡൻഷ്യലാണെന്നും വെളിപ്പെടുത്താൻ പറ്റില്ലെന്നും ജലീൽ പറഞ്ഞു. 

Tags:    
News Summary - KT Jaleel's opinion about PV Anwar's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.