രാജേഷിനായി പൊലീസ് നിർമിച്ചുനൽകുന്ന വീടി​െൻറ അവസാനഘട്ട പണി പുരോഗമിക്കുന്നു

ഒരു പൂ മാത്രം ചോദിച്ചു; പൊലീസ് രാജേഷിന് നൽകിയത് 'പൂക്കാലം'

കുമളി: ചോർന്നൊലിക്കുന്ന ഷെഡിന്​ മുകളിലെ പ്ലാസ്​റ്റിക്ക് പടുതക്ക്​ പകരം മറ്റൊന്ന് വാങ്ങാൻ വഴിതേടി പൊലീസിന്​ മുന്നിലെത്തിയ രാജേഷിനും കുടുംബത്തിനും പടുതക്ക്​ പകരം വീടുതന്നെ നിർമിച്ചുനൽകി കാക്കിക്കുള്ളിലെ കാരുണ്യം. കുമളി, ഓടമേട്, പളിയക്കുടിയിൽ രാജേഷ്-നിർമല ദമ്പതികൾക്ക് ഇനി മഴയും കാറ്റും ഭയക്കാതെ മക്കൾക്കൊപ്പം പുതിയ വീട്ടിൽ ജീവിക്കാം.

കഴിഞ്ഞ സെപ്​റ്റംബറിലാണ് ചോർന്നൊലിക്കുന്ന കൂരക്ക്​ കീഴിൽനിന്ന്​ സഹായിക്കണമെന്ന അപേക്ഷയുമായി രാജേഷും കുടുംബവും കുമളി പൊലീസിന്​ മുന്നിലെത്തിയത്. പരാതികേട്ട പൊലീസ് സ്ഥലത്തെത്തി കണ്ടത് ദയനീയ കാഴ്ച. കാറ്റടിച്ചാൽ നിലംപൊത്താറായി നിൽക്കുന്ന കാട്ടുകമ്പുകൾ കൊണ്ട് നിർമിച്ച ഷെഡ്, കീറിപ്പറിഞ്ഞ പ്ലാസ്​റ്റിക് മേൽക്കൂര. ചുവട്ടിൽ കുഞ്ഞുങ്ങളും പ്രായമായ അമ്മയും ഉൾപ്പെടുന്ന കുടുംബം.

പിന്നീട് എല്ലാം ശരവേഗത്തിലായിരുന്നു. കുമളി, സി.ഐ ജോബിൻ ആൻറണി, എസ്.ഐ പ്രശാന്ത് വി.നായർ, ആർ. ബിനോ, സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രാജേഷിന് വീട് നിർമിച്ചുനൽകാൻ തീരുമാനമെടുത്തു. പൊലീസിലെ വിവിധ വിഭാഗങ്ങളുടെ സഹായത്തിന്​ പുറമേ വിവിധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെയെല്ലാം സഹായത്തോടെയാണ് 600 ചതുരശ്ര അടി വിസ്തൃതിയുള്ള വീടി​െൻറ നിർമാണം പൂർത്തിയാക്കിയത്.

സെപ്​റ്റംബർ എട്ടിന് കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹൻ ഉണ്ണിത്താൻ നിർമാണം തുടങ്ങിവെച്ച വീടി​െൻറ പണി ഒന്നരമാസം കൊണ്ട്​ പൂർത്തിയാക്കി. രണ്ട് മുറികൾ, അടുക്കള, ഹാൾ, വർക്കേരിയ, ടോയ്​ലറ്റ് ഉൾ​െപ്പടെ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്​. വീട് ഇടുക്കി പൊലീസ് മേധാവി കറുപ്പസ്വാമി വൈകാതെ കുടുംബത്തിന് കൈമാറും. ലോക് ഡൗണിനിടെ 400 കുടുംബങ്ങൾക്ക് അരിവിതരണം നടത്തിയ കുമളി പൊലീസ്​ നിർധന വിദ്യാർഥികൾക്ക് മൊബൈലും ടി.വിയും വാങ്ങിനൽകിയും മാതൃകയായി​. 

Tags:    
News Summary - kumily police buyilding home to rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.