പൂരംകലക്കിയത് ആർ.എസ്.എസെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് ​കുമ്മനം; ‘നിയമസഭയില്‍ ഇല്ലാത്ത ആർ.എസ്.എസിനെ വലിച്ചിഴക്കുന്നതിൽ ഗൂഢലക്ഷ്യം’

തിരുവനന്തപുരം: തൃശൂര്‍ പൂരംകലക്കിയത് ആര്‍.എസ്.എസ് ആണോയെന്ന് തെളിയിക്കാന്‍ മന്ത്രി കെ.രാജനെ വെല്ലുവിളിച്ച് ബി.ജെ.പി കേന്ദ്ര നിർവാഹക സമിതി അംഗവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പൂരംകലക്കലില്‍ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

‘പൂരം കലക്കിയത് ആർ.എസ്.എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? മൂന്ന് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരിക്കെ എന്തുകൊണ്ട് പൂരം കലങ്ങുന്ന അവസ്ഥ ഒഴിവാക്കാനായില്ലെന്ന ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറാന്‍ അവര്‍ക്ക് കഴിയുമോ? മറുപടി പറയാന്‍ ആർ.എസ്.എസിന്‍റെ ആരും നിയമസഭയില്‍ ഇല്ലാതിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണപക്ഷവും ആർ.എസ്.എസിനെ നിരന്തരം സഭയിലേക്ക് വലിച്ചിഴക്കുന്നതിന് ഗൂഢലക്ഷ്യങ്ങളാണുള്ളത്’ -ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനം ആരോപിച്ചു.

‘ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സുപ്രധാനജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും പൊതു ശ്രദ്ധ തിരിച്ചു വിടുന്നതിനാണ് അപ്രസക്തമായ വിഷയങ്ങളിന്മേല്‍ എല്‍.ഡി.എഫും യു.ഡി.എഫും നിയമസഭയില്‍ പരസ്പരാരോപണങ്ങള്‍ ഉന്നയിക്കുന്നത്. നാടിന്റെ സുരക്ഷയെ ബാധിക്കുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങളെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഇരുമുന്നണി അംഗങ്ങള്‍ക്കും താല്പര്യമില്ല. മറിച്ച് സഭയില്‍ ഇല്ലാത്ത ആർ.എസ്.എസിനെക്കുറിച്ചാണ് ചൂടുപിടിച്ച ചര്‍ച്ച. ദിവസവും ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തി ആർ.എസ്.എസിനെ പ്രതികൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കാനാണ്. തൃശൂര്‍ പൂരം കലക്കിയത് ആർ.എസ്.എസ് ആണെന്ന് സഭയില്‍ പറയുന്ന റവന്യൂ മന്ത്രിയും പ്രതിപക്ഷ നേതാവും തെളിവുകള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കുകയാണ് വേണ്ടത്’ -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പരസ്യമായി ദേശദ്രോഹപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത് നാളിതു വരെ പിന്‍വലിച്ചിട്ടില്ല. ജലീലിനെപ്പോലുള്ള എം.എല്‍.എമാര്‍ സഭക്ക് പുറത്ത് സ്വര്‍ണ്ണക്കടത്തുകാരെക്കുറിച്ച് പറയുന്നു. പക്ഷേ ആ വക വിഷയങ്ങളൊന്നും സഭയില്‍ ഉന്നയിക്കുന്നില്ല. വളരെ ഗൗരവമേറിയ ഈ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് ഇരു മുന്നണികളും ആര്‍.എസ്.എസിന്റെ നെഞ്ചത്തേക്ക് അസ്ത്രങ്ങള്‍ പായിക്കുന്നത്. ഈ ഒത്തുകളി രാഷ്‌ട്രീയം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.

ജമ്മു കാശ്മീരില്‍ തരിഗാമി എന്ന സി.പി.എം സ്ഥാനാർഥിയെ ജയിപ്പിച്ചത് കോണ്‍ഗ്രസുകാരാണ്. ആ വാര്‍ത്ത പുറത്തുവരുന്ന സമയത്ത് കേരള നിയമസഭയില്‍ ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടിനെപ്പറ്റി പ്രതിപക്ഷ നേതാവ് പറയുന്നതില്‍ എന്ത് സത്യസന്ധതയാണുള്ളത്? സി.പി.എമ്മിനെ ദേശീയ തലത്തില്‍ വളര്‍ത്തി എടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വഞ്ചനാപരമായ നിലപാടാണ് കേരളത്തില്‍ സ്വീകരിച്ചിട്ടുള്ളത് – കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags:    
News Summary - kummanam rajasekharan thrissur pooram rss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.