മലപ്പുറം: കണ്ണൂരിലെ സി.പി.എം ട്രസ്റ്റിന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് മുസ്‍ലീംലീഗ് തന്നെ. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ കർശനമായി ഇടപെട്ടതിനെ തുടർന്നാണ് ഒടുവിൽ കുഞ്ഞാലിക്കുട്ടി പരിപാടിയിൽ നിന്ന് വിട്ടുനിന്നത്. എന്നിട്ടും സെമിനാറിലേക്ക് വീഡിയോ സന്ദേശം അയച്ചുകൊടുത്ത അദ്ദേഹത്തിന്റെ നടപടിക്കെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്. വിലക്ക് ലംഘിച്ച് വീഡിയോ അയച്ചതിനെ സി.പി.എം ജില്ല സെക്രട്ടറി പ്രശംസിക്കുകയും ചെയ്തിരുന്നു.
‘മീഡിയകൾ ഞാൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ സെമിനാറിൽ പങ്കെടുക്കുന്നില്ലെ’ ന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്. സെമിനാറിൽ മുഖ്യപ്രഭാഷകനായിരുന്നു അദ്ദേഹം. ഇതിന് മുമ്പും സി.പി.എമ്മിന്റെ പരിപാടികളിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ ശ്രമിച്ചപ്പോൾ സാദിഖലിതങ്ങളുടെ ഭാഗത്ത് നിന്ന്‍ വിയോജിപ്പുണ്ടായിരുന്നു.
ഇടതുപക്ഷത്തേക്ക് ലീഗിനെ അടുപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നു എന്ന ആരോപണം പാർട്ടിക്കുള്ളിലും പുറത്തും ശക്തമാണ്. കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളിൽ കോൺഗ്രസിനും അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം പാണക്കാട് സന്ദർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായുള്ള സൗഹൃദചർച്ചയിൽ പിണറായി സർക്കാറിനോട് മൃദുസമീപനമില്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ സാദിഖലി തങ്ങൾ ഊന്നിപ്പറയാനിടയായതും ഈ സാഹചര്യത്തിലാണ്.
സി.പി.എം കോഴിക്കോട്ട് നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് ലീഗിനെ ക്ഷണിച്ചപ്പോഴേക്കും ഉന്നതതലയോഗം ചേർന്ന് തീരുമാനിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം മാധ്യമങ്ങൾക്ക് മുമ്പിലെത്തി പ്രസ്താവന നടത്തിയത് സാദിഖലി തങ്ങളെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കോഴിക്കോട് ലീഗ് ഹൗസിൽ ഇതുസംബന്ധിച്ച് നടന്ന കൂടിയാലോചനക്ക് സാദിഖലി തങ്ങൾ പങ്കെടുത്തതുമില്ല. ലീഗ് സി.പി.എം റാലിയിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ സാദിഖലി തങ്ങളും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു.
സി.പി.എം ഇടക്കിടക്ക് ലീഗിനെ ഓരോ പരിപാടിയിലേക്ക് ക്ഷണിക്കുമ്പോഴേക്കും യോഗം ചേരുന്നത് തന്നെ പാർട്ടിക്ക് ക്ഷീണമാണെന്നാണ് പാർട്ടിക്കുള്ളിലെ അഭിപ്രായം. സി.പി.എമ്മിന്റെ ഫലസ്തീൻ റാലിയിലേക്ക് വരാത്തത് സാങ്കേതിക കാരണം കൊണ്ട് മാത്രമാണെന്നും വിളിച്ചതിൽ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞതും ലീഗിനുള്ളിൽ മുറുമുറുപ്പുണ്ടാക്കി.
മുസ്‍ലീം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ ഇസ്രായേൽ അനുകൂലിയായ ശശി തരൂരിനെ പങ്കെടുപ്പിച്ചതിൽ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കി പാർട്ടിക്കുള്ളിൽ കടുത്ത വിമർശനമുയർന്നതാണ്. ഇസ്രായേലിനെ അനുകൂലിച്ച് സംസാരിച്ച തരൂരിനെ തിരുത്തി എം.കെ. മുനീർ പ്രസംഗിച്ചപ്പോൾ വേദിയിൽവെച്ചുതന്നെ സാദിഖലി തങ്ങൾ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഫലസ്തീൻ അംബാസഡറുടെ വീഡിയോ പ്രസംഗത്തിന്റെ പരിഭാഷകൻ മാത്രമായിരുന്ന മുനീർ തരൂരിനെ തിരുത്തി സംസാരിക്കുകയായിരുന്നു. മുനീർ റാലിയെ രക്ഷിച്ചെന്നാണ് പാർട്ടിക്കുള്ളിൽ വിലയിരുത്തപ്പെട്ടത്.
പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം സമസ്തക്കെതിരെ കടുത്ത വിമർശനമുയർത്തിയപ്പോൾ പലപ്പോഴും തിരിച്ചടിയിൽ പരിക്കേറ്റത് പാണക്കാട് കുടുംബത്തിനു കൂടിയാണ്. ഈ വിഷയങ്ങളിലെല്ലാം ലീഗിനകത്ത് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന വിഭാഗവും എതിർഗ്രൂപും തമ്മിൽ വലിയ തോതിലുള്ള ഭിന്നതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.