കുന്നംകുളം: ഗഗൻയാൻ ബഹിരാകാശ ദൗത്യ സംഘത്തിന്റെ യൂനിഫോം രൂപകൽപന ചെയ്ത സംഘത്തിൽ കുന്നംകുളം സ്വദേശി മോഹൻകുമാറും. ബംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലാണ് (നിഫ്റ്റ്) യൂനിഫോം രൂപകൽപന ചെയ്തത്. ഇവിടെ അസോ. പ്രഫസറാണ് കിഴൂർ വലിയപുരയ്ക്കൽ കുടുംബാംഗമായ ഡോ. വി.കെ. മോഹൻകുമാർ.
കഴിഞ്ഞ 27ന് തിരുവനന്തപുരം തുമ്പയിലെ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ ദൗത്യ സംഘത്തെ പ്രഖ്യാപിച്ചത്. ദൗത്യ സംഘത്തലവനും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെ നാലു പേർ ഗ്രൗണ്ട് സ്യൂട്ട് യൂനിഫോമിൽ പ്രധാനമന്ത്രി സംഘടിപ്പിച്ച വിങ്ങ്സ് പ്രദർശിപ്പിച്ച് വേദിയിൽ എത്തിയപ്പോൾ ബംഗളൂരു നിഫ്റ്റ് സംഘത്തിനത് ആഹ്ലാദ മുഹൂർത്തമായി.
ഒരു വർഷം നീണ്ടു നിന്ന പ്രോജക്റ്റിന്റെ ഭാഗമായി 70 ഡിസൈനുകളാണ് സമർപ്പിച്ചിരുന്നത്. അതിൽ നിന്നാണ് ഇരുണ്ട ഇളം നീലയും വെള്ളയുമുള്ള ആകർഷണീയ ഡിസൈനോടെയുള്ളത് തിരഞ്ഞെടുത്തത്. ബഹിരാകാശ യാത്രികന്റെ രൂപം 140 കോടി ജനങ്ങളേയും ആവേശത്തെയും പ്രതിഫലിപ്പിക്കണമെന്ന ഉദ്ദേശത്തിൽ വസ്ത്രത്തിൽ അസാധാരണമായ പാനലിങ്ങ് വരുത്താൻ ശ്രമിച്ചതായി മോഹൻകുമാർ പറയുന്നു. ആദായ നികുതി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിഫ്റ്റിൽ ഡയറക്ടറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി ഡോ. സൂസൻ തോമസാണ് ഈ ടീമിനെ നയിച്ചിരുന്നത്. വടക്കാഞ്ചേരി വ്യാസ കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ മോഹൻകുമാർ ബിരുദാനന്തര ബിരുദത്തിന് ഫാഷൻ ടെക്നോളജിയാണ് തിരഞ്ഞെടുത്തത്. ഡൽഹിയിൽ പഠനം പൂർത്തിയാക്കി. ജപ്പാനിലും പ്രവർത്തിച്ചു. മോഹൻ കുമാറിന് പുറമെ ഡിസൈൻ സംഘത്തിൽ പ്രഫ. ജോണലി ഡി. ബാജ്പേയി, നിറ്റ് വെയർ ഡിഡൈൻ ബാച്ചിലെ വിദ്യാർഥിയും മലയാളിയുമായ ലാമിയ അനീസ്, സമർപൺ പ്രധാൻ, തുലിയ ദ്വെരെ എന്നിവരും ഉണ്ടായിരുന്നു. ഹോമിയോ ഡോക്ടർ ശിൽപയാണ് മോഹൻകുമാറിന്റെ ഭാര്യ. പ്ലസ്ടു വിദ്യാർഥിനി മായ, ഏഴാം ക്ലാസുകാരി വേദ എന്നിവർ മക്കളാണ്. കഴിഞ്ഞ 20 വർഷമായി ബംഗളൂരുവിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.