ആലപ്പുഴ: കുട്ടനാട്ടിൽ പാർട്ടിയിൽനിന്നുണ്ടായ കൂട്ടക്കൊഴിഞ്ഞുപോക്ക് സി.പി.എമ്മിന് സംസ്ഥാന തലത്തിൽതന്നെ പാഠമാകും. അച്ചടക്കത്തിന്റെ വാളോങ്ങി കൂടുതൽ പേർക്കെതിരെ നടപടികളെടുക്കാനുള്ള നീക്കം തൽക്കാലം നിർത്തിവെച്ചേക്കും. ഇങ്ങനെ വരുന്നവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന നിലപാട് സി.പി.ഐ സ്വീകരിച്ചതോടെ പലയിടത്തും സി.പി.എം വിടാൻ കൂടുതൽ പേർ തയാറെടുക്കുന്നതായാണ് സൂചന.
ലോക്കൽ, ഏരിയ, ജില്ല സമ്മേളനങ്ങൾ നടന്നിട്ട് ഒന്നര വർഷത്തിലേറെ പിന്നിടുമ്പോഴാണ് വിഭാഗീയതക്കെതിരെ എന്ന പേരിൽ അച്ചടക്ക നടപടികളെടുക്കുന്നത്. തെറ്റ് തിരുത്തൽ നടപടിയല്ല ഇതെന്നും ഔദ്യോഗിക പക്ഷത്തിന് അഭിമതരായവരുടെ പാതകങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും എതിർ ശബ്ദമുയർത്തുന്നവരെ നിസ്സാര കുറ്റങ്ങൾ ആരോപിച്ച് നടപടികൾക്ക് വിധേയരാക്കുകയുമാണ് ചെയ്യുന്നതെന്നും പാർട്ടിയിൽ ഒരുവിഭാഗം ആരോപിക്കുന്നു. അതിലുള്ള പ്രതിഷേധമാണ് കുട്ടനാട്ടിൽ 222 പേർ കൂട്ടത്തോടെ പാർട്ടി വിടുന്നതിലേക്ക് കൊണ്ടെത്തിച്ചത്. പക്ഷപാതപരമായ നടപടികൾ തുടർന്നാൽ വലിയ ദോഷം ചെയ്യുമെന്ന പാഠമാണ് ഇത് നൽകുന്നത്.
ശുദ്ധികലശമെന്ന പേരിൽ മറ്റ് ജില്ലകളിലും സംഘടന നടപടികൾക്ക് സംസ്ഥാന നേതൃത്വം വഴിമരുന്നിട്ടിട്ടുണ്ട്. കുട്ടനാട്ടിലെ കൊഴിഞ്ഞുപോക്ക് സംസ്ഥാനതലത്തിൽ ചർച്ചയായതിനാൽ മറ്റിടങ്ങളിലെ അച്ചടക്ക നടപടികൾ സൂക്ഷ്മ പഠനമില്ലാതെ നടപ്പാക്കില്ലെന്നാണ് അറിയുന്നത്. ആലപ്പുഴയിൽ ജില്ല, ഏരിയ തലങ്ങളിൽ നേതാക്കൾക്കെതിരെയാണ് ആദ്യം നടപടികളെടുത്തത്. ലോക്കൽ, ബ്രാഞ്ച് തലങ്ങളിലേക്ക് നടപടികൾ നീണ്ടതോടെയാണ് കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. കൊഴിഞ്ഞുപോകാനൊരുങ്ങുന്നവരെ പിന്തിരിപ്പിക്കാൻ മന്ത്രി സജി ചെറിയാൻതന്നെ ഇടപെട്ട് ശ്രമം നടത്തുന്നുണ്ട്.
ആലപ്പുഴയിൽ വിഭാഗീയത അന്വേഷിക്കാൻ മുൻ എം.പി പി.കെ. ബിജുവും മുൻ മന്ത്രി ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷനെ നിയോഗിച്ചിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പറയുന്നത്. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 40 പേരെ തരംതാഴ്ത്തി.
മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു. ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.പി. ചിത്തരഞ്ജൻ എം.എൽ.എയെപോലും ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. അതിനു പിന്നാലെ നഗരസഭയിൽ നേതൃമാറ്റമെന്ന അപൂർവ നടപടിക്കും പാർട്ടി മുതിർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.