തിരുവനന്തപുരം: പ്രശ്നങ്ങൾക്ക് മുന്നിൽനിന്ന് ഒളിച്ചോടുന്ന, തോൽവികളെ ഭയന്ന് മരണത്തെ അഭയം പ്രാപിക്കുന്ന, അക്രമവാസനയേറുന്ന കുട്ടികളുടെ എണ്ണം നമുക്ക് ചുറ്റിലും കൂടിവരികയാണ്. വളരെ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ് കുഞ്ഞുങ്ങളുടെ മനസ്സും ചിന്തയും.
അതിനു പുറമെയാണ് ലഹരിയെന്ന സാമൂഹിക വിപത്ത് പടരുന്നതും. കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും അതിന് കൃത്യമായ പരിഹാരം കണ്ടെത്താനുമായി സ്കൂളുകളിൽ സൈക്കോളജിസ്റ്റ് കൗൺസിലർമാരെ നിയമിക്കണമെന്ന് നിർദേശമുണ്ടെങ്കിലും അത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഭൂരിഭാഗം സ്കൂളുകളിലും വിദ്യാർഥികൾക്കുണ്ടാകുന്ന മാനസിക-ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൗൺസലിങ് സൗകര്യമില്ല.
സംസ്ഥാനത്ത് 12,644 സ്കൂളുകളിൽ 4504 എണ്ണം സർക്കാർ സ്കൂളുകളാണ്. അതിൽ 1012 സ്കൂളുകളിൽ മാത്രമാണ് കൗൺസലിങ് സൗകര്യമുള്ളത്. പകുതിയിലേറെ സ്കൂളുകളിലും കൗൺസലിങ്ങിന് ആളില്ലെന്നതാണ് ആശങ്കയേകുന്ന വിഷയം. സമീപകാലത്ത് സ്കൂളുകളിലുണ്ടാകുന്ന സംഭവങ്ങൾ കൗൺസലിങ് കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ലഹരിക്കും അതിക്രമങ്ങൾക്കുമെതിരെ ബോധവത്കരണത്തിനൊപ്പം എല്ലാ സ്കൂളുകളിലും കൗൺസലിങ്ങിനായി സൈക്കോളജിസ്റ്റ് കൗൺസിലർമാരെ നിയമിക്കുന്നതും നിർബന്ധമാക്കേണ്ടത് അത്യാവശ്യമാണ്.
1500 വിദ്യാർഥികൾക്ക് ഒരാളെന്ന നിലയിലെങ്കിലും കൗൺസിലേഴ്സ് വേണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വ്യക്തിഗത കൗൺസലിങ്, ഗ്രൂപ് കൗൺസലിങ്, പാരന്റിങ് കൗൺസലിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് കൗൺസലിങ് നൽകുക. വനിത ശിശുവികസന വകുപ്പ്, ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് നിലവിൽ സ്കൂളുകളിൽ കൗൺസിലർമാരെ നിയമിച്ചിരിക്കുന്നത്. കുറഞ്ഞ ശമ്പളവും അമിത ജോലിഭാരവുമാണ് കൗൺസിലർമാർക്കുള്ളത്. നിലവിൽ സ്കൂളുകളിൽ ജോലി ചെയ്യുന്ന കൗൺസിലർമാരെ മറ്റ് ജോലികൾക്കായി ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.