കവരത്തി: ലക്ഷദ്വീപ് ഭരണകൂടം കുട്ടികൾക്കായി അവതരിപ്പിച്ച പുതിയ യൂനിഫോമിൽ ഹിജാബ് നിരോധിച്ചതായി ആരോപണം. ബെൽറ്റ്, ടൈ, ഷൂസ്, സോക്‌സ് തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഹിജാബിനെപറ്റി പരാമർശമില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിട്ടും പെൺകുട്ടികൾക്ക് ഹിജാബോ സ്കാർഫോ സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും ഇല്ലാത്തതാണ് ആരോപണത്തിന് കാരണമായത്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് സ്കാർഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് സമ്പൂർണ നിരോധനമുണ്ടെന്ന് മുഹമ്മദ് ഫൈസൽ എം.പി ആരോപിച്ചു.
സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ആഗസ്റ്റ് 10ന് നൽകിയ സർക്കുലറിൽ സ്കൂൾ കുട്ടികൾ യൂനിഫോം ധരിക്കുന്നതിൽ ഏകത ഉറപ്പാക്കുമെന്നും വിദ്യാർഥികളിൽ അച്ചടക്കമനോഭാവം വളർത്തിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. നിശ്ചിത യൂനിഫോം പാറ്റേൺ അല്ലാതെ മറ്റ് ഇനങ്ങൾ ധരിക്കുന്നത് സ്കൂൾ കുട്ടികളിലെ ഏകതാ സങ്കൽപ്പത്തെ ബാധിക്കും. സ്കൂളുകളിൽ അച്ചടക്കവും ഒരേ ഡ്രസ് കോഡും നിലനിർത്തേണ്ടത് പ്രിൻസിപ്പൽമാരുടെയും സ്കൂൾ മേധാവികളുടെയും ഉത്തരവാദിത്തമാണെന്നും സർക്കുലറിൽ പറയുന്നു.
സ്കാർഫിനെക്കുറിച്ചോ ഹിജാബിനെക്കുറിച്ചോ പരാമർശമില്ലെന്നും ഇത് ഭരണഘടനാപരമായ അവകാശ ലംഘനമാണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനമെന്ന് എം.പി പറഞ്ഞു. ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരെ ദ്വീപുകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും വിദ്യാർഥികൾ അവരുടെ അവകാശങ്ങൾ അനുവദിക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്കരിക്കുമെന്നും മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.